സംസ്ഥാനത്ത് പുതിയ വൻകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പഞ്ചായത്തിന്റെ ലൈസൻസ് വേണമെന്ന ചട്ടം ഇളവ് ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ കാറ്റഗറി — ഒന്നില്‍പെട്ട വ്യവസായങ്ങള്‍ തുടങ്ങാന്‍ ലൈസൻസിന് പകരം രജിസ്ട്രേഷൻ മതിയാകും. 1996ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾ, വ്യാപാരങ്ങള്‍ സ്ഥാപനങ്ങൾ, സംരംഭക പ്രവർത്തനങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയുടെ കരട് ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി. പഞ്ചായത്തിലെ എല്ലാ പരിഷ്കാരങ്ങളും വൈകാതെ നഗരസഭകളിലും ബാധകമാക്കും.
നിലവിൽ പുതിയ കാലത്തെ പല സംരംഭങ്ങൾക്കും ലൈസൻസ് നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുൻ തലമുറ ഇനങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയാണ് ചട്ടങ്ങളില്‍ നിലവിലുള്ളത്. ഇത് മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൊണ്ടുവരും.
സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തിരിക്കും. ഉല്പാദന യൂണിറ്റുകളാണ് കാറ്റഗറി ഒന്നില്‍ വരുന്നത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ എന്നിവയിലുള്ള ഉല്പാദക യൂണിറ്റുകൾ ലൈസൻസിന് പകരം പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ കാറ്റഗറി ഒന്ന് വിഭാഗത്തിൽപ്പെടുന്ന റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്തിന്റെ അനുവാദം (ലൈസൻസ്) വേണം.
വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളാണ് കാറ്റഗറി രണ്ട് സംരംഭങ്ങൾ. അവയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്. നിലവിൽ കുടിൽ വ്യവസായങ്ങൾക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും ലൈസൻസ് ഏര്‍പ്പെടുത്തിയിട്ടില്ല. ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാം. ബാങ്ക് ലോൺ, ജിഎസ്‌ടി രജിസ്ട്രേഷൻ കിട്ടാനുൾപ്പെടെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുള്‍പ്പെടുന്ന സംരംഭങ്ങൾക്ക് വീടുകളിലുൾപ്പെടെ ലൈസൻസ് നൽകാൻ വ്യവസ്ഥ കൊണ്ടുവരും. ആള്‍ത്താമസമുള്ള വീടുകളുടെ 50 ശതമാനം വരെ ഭാഗം ഇത്തരം സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാം. സംരംഭകൻ മാറിയാലും സംരംഭത്തിന് മാറ്റമില്ലെങ്കിൽ ഒരിക്കൽ വാങ്ങിയ അനുമതി കൈമാറാനും വ്യവസ്ഥയുണ്ട്.
അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ് (കല്പിത ലൈസൻസ്) സംവിധാനം ഏർപ്പെടുത്തും. ലൈസൻസ് ഫീസ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാക്കും. കുറഞ്ഞ മൂലധന നിക്ഷേപമുള്ള സംരംഭകരെ സഹായിക്കാൻ പ്രത്യേകം സ്ലാബ് നിശ്ചയിക്കും. നിക്ഷേപം കണക്കാക്കുന്നതിൽ നിന്ന് ഭൂമി, കെട്ടിട വില ഒഴിവാക്കുന്നതും പരിഗണിക്കും. സ്ഥാപനങ്ങൾക്കെതിരായ പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ പരിധിയില്‍ വരുന്ന വിഷയങ്ങൾക്ക് മാത്രമേ പരിശോധനയ്ക്ക് അനുമതിയുണ്ടാവൂ. സംരംഭങ്ങളുടെ ലൈസൻസ് കാലാവധി ലൈസൻസ് തീയതി മുതൽ ഒരു വർഷം ആയിരിക്കും. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി ലൈസൻസ് പുതുക്കലും സാധ്യമാക്കും.

