ബിജെപിക്കെതിരായ പോരാട്ടത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ(എം)പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമ്മേളനകാലയളവില്‍ തന്നെ ആര്‍എസ്എസ്സിനാല്‍ ആറ് പേര്‍ രക്തസാക്ഷികളായത് മാത്രംമതി ആരാണ് ബിജെപിക്കെതിരെ പോരാടുന്നതെന്ന് മനസിലാക്കാന്‍. നവഉദാരവത്കരണ പ്രവണത ശക്തിപ്പെടുമ്പോള്‍ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യത്തെ ഹിന്ദുത്വ കോര്‍പറേറ്റ് ആധിപത്യത്തിന് ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്ന സര്‍ക്കാരിനെ ചെറുത്ത് തോല്‍പിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ മുന്നേറ്റം അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക‑സാങ്കേതിക‑സൈനിക മേഖലകളില്‍ ചൈന ഏതാണ്ട് അമേരിക്കയോട് കിടപിടിക്കുന്നു. അത് മറികടക്കാന്‍ സാമ്രാജ്യത്വ ആധിപത്യം നേടാനാണ് നോക്കുന്നത്. ചൈനയെ എങ്ങനെ ഒറ്റപ്പെടുത്താം, ദുര്‍ബലപ്പെടുത്താം, ഒതുക്കാം എന്നാണ് ട്രംപ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ കെ എൻ ബാലഗോപാൽ സ്വാഗതം പറഞ്ഞു.