Site icon Janayugom Online

ആരും അവശേഷിക്കുന്നില്ല: വിമാനാപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ ഇന്നലെ കണ്ടെത്തി.

പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി ഹുസൈൻ അമീര്‍ അബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തൊള്ള മുഹമ്മദ് അലി ആലു ഹാഷി, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തിന്റെ തലവൻ മെഹ്ദി മൂസവി തുടങ്ങിയവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. രാജ്യത്ത് അഞ്ച് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് ഞായറാഴ്ച ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. സണ്‍ഗുണ്‍ ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം. മോശം കാലാവസ്ഥയും കനത്ത മൂടൽ മഞ്ഞും കാരണം കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു.

14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായത്. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. തുര്‍ക്കിഷ് അകിന്‍ജി ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായത്.

മൃതദേഹങ്ങള്‍ കിഴക്കൻ അസൈർബൈജൻ പ്രവിശ്യയുടെ തലസ്ഥാനമായ തബ്രിസിലേക്കു കൊണ്ടുപോയി. ഇന്ന് രാജ്യ തലസ്ഥാനമായ ടെഹ്റാനിലേക്ക് എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വയ്ക്കും. വിവിധ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെ റെയ്സിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേരും. റെയ്സിയുടെ ജന്മനാടായ മഷ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം.

ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവായിരുന്നു ഇബ്രാഹിം റെയ്സി. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് റെയ്സിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മൊക്ബര്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. ഇതിന് ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമേനി അംഗീകാരം നല്‍കി. പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. അലി ബാഗേരിയെ ആക്ടിങ് വിദേശകാര്യമന്ത്രിയായും കാബിനറ്റ് നിയോഗിച്ചു.

ഇന്ത്യയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ത്യ‑ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യ ഇറാനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: No One Left: Iran Con­firms Pres­i­dent Ibrahim Raisi Killed in Plane Crash

You may also like this video

Exit mobile version