ഓട്ടിസം ചികിത്സയ്ക്കായി സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നത് വിലക്കി സുപ്രീം കോടതി. ഇത് ശാസ്ത്രീയ അടിത്തറയില്ലാത്ത രീതിയാണെന്നും മെഡിക്കൽ ദുരുപയോഗമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ശാസ്ത്രീയമായ തെളിവുകളോ ഫലപ്രാപ്തിയോ ഇല്ലാത്ത ഇത്തരം തെറാപ്പികളെ ആരോഗ്യകരമായ ചികിത്സാ രീതിയായി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അംഗീകൃത ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പുറത്ത് രോഗികളിൽ സ്റ്റെം സെൽ ഉപയോഗിക്കുന്നത് അധാർമ്മികവും ചികിത്സാ പിഴവുമാണ്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം സ്റ്റെം സെല്ലുകളെ മരുന്നുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓട്ടിസം ചികിത്സയ്ക്കായി ഇവ ഉപയോഗിക്കാൻ അനുവാദമില്ല. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത ഇത്തരം രീതികൾ പിന്തുടരുന്ന ഡോക്ടർമാർ നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.

