Site iconSite icon Janayugom Online

സ്കൂള്‍ ഉച്ചഭക്ഷണ മെനുവിൽ വിഷരഹിത പച്ചക്കറികൾ; എല്ലാ സ്‌കൂളിലും പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണം: മന്ത്രി വി ശിവൻകുട്ടി

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്‌കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി സ്കൂളുകളില്‍ അടുക്കള പച്ചക്കറി തോട്ടങ്ങൾ വരുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍ദ്ദേശം നല്‍കി. കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നവംബർ 30 നുള്ളിൽ എല്ലാ സ്‌കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 2200 ഓളം സ്‌കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്‌കൂൾ പിടിഎയുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ നേതൃപരമായ പങ്ക് വഹിക്കണം.
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ സഹകരണത്തോടെ സ്‌കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതോടൊപ്പം അയൺ, ഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഉച്ചഭക്ഷണ വിതരണത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അത് അപ്പോൾ തന്നെ പരിഗണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Eng­lish Sum­ma­ry: Non-tox­ic veg­eta­bles on the school lunch menu

You may also like this video

Exit mobile version