Site iconSite icon Janayugom Online

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ ഫലം കണ്ടു; നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽകാലികമായി നിർത്തിവെച്ചു

soilsoil

കൃഷി മന്ത്രി പി പ്രസാദിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ ഇടപെട്ടതിനെ തുടർന്ന് നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽകാലികമായി നിർത്തിവെച്ചു. ഇതിനെ തുടർന്ന് സമരസമിതിയുടെ ജനകീയ പ്രതിഷേധവും അവസാനിപ്പിച്ചു. മന്ത്രി പി പ്രസാദ് വിഷയം ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് മറ്റപ്പള്ളി മലയിൽ നിന്നും പോലീസ് സന്നാഹത്തോടെ രണ്ടാം തവണ മണ്ണെടുപ്പ് തുടങ്ങിയത്. ഏതാനും ലോഡുകൾ കൊണ്ടുപോയെങ്കിലും 10 മണിയോടെ മണ്ണ് ലോറികൾ കടന്നു പോകുന്ന ആശാൻ കലുങ്ക് — മാവിളയിൽ റോഡിന്റെ കവാടങ്ങളിലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. പോലീസ് തീർത്ത ബാരിക്കേഡുകൾക്കു മുന്നിൽ സമരക്കാർ കുത്തിയിരുന്നു. മണ്ണെടുക്കുന്ന കരാറുകാരുമായും സമരക്കാരുമായും ചർച്ച നടത്താൻ ജില്ലാകളക്ടർ എ ഡി എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് അവിടെയെത്തിയ എ ഡി എം, എം സന്തോഷ് കുമാർ 16 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി പ്രസാദ് പങ്കെടുത്ത് സർവ്വകക്ഷി യോഗം ചേരുമെന്നും അതുവരെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കണമെന്നും കരാറുകാരോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് മണ്ണെടുപ്പ് താൽകാലികമായി നിർത്തിവെച്ചത്. കൂടാതെ എ ഡി എം നടത്തിയ ചർച്ചയെ തുടർന്ന് ജനകീയ പ്രതിഷേധം താൽകാലികമായി അവസാനിപ്പിക്കുന്നതായി സമര സമിതി ഭാരവാഹികൾ അറിയിച്ചു.

മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി പി പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിന്നു. മറ്റപ്പള്ളിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തതിൽ സർവ്വകക്ഷി യോഗം വിളിക്കുവാൻ മന്ത്രി പി പ്രസാദ് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. 16 ന് പകൽ രണ്ടിന് മാവേലിക്കര താലൂക്ക് ഓഫിസിൽ ചേരുന്ന സർവ്വ കക്ഷി യോഗത്തിൽ മന്ത്രി പി പ്രസാദും പങ്കെടുക്കും. കൂടാതെ 16 ന് രാവിലെ മന്ത്രി പി പ്രസാദ് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടക്കുന്ന സ്ഥലം സന്ദർശിക്കും. ദിവസങ്ങളായി നടത്തിയ പ്രക്ഷോഭത്തിന് താത്ക്കാലിക വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സമരക്കാർ മടങ്ങിയത്.

ആശാൻ കലുങ്കിൽ സമരസമിതി നേതാക്കളായ ബി വിനോദ്, എ നൗഷാദ്, മനോജ് സി ശേഖർ, എം മുഹമ്മദാലി, പ്രഭ വി മറ്റപ്പള്ളി, ഷറഫുദീൻ രാമൻചിറ, ഷാനവാസ് കണ്ണങ്കര, നൗഷാദ് എ. അസീസ് തുടങ്ങിയവരും മാവിളയിൽ ജംഗ്ഷനിൽ നടത്തിയ സമരത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ജി രാജമ്മ, ജസ്റ്റിൻ ജോർജ്, അജയകുമാർ, അനുശിവൻ, എസ്. മുകുന്ദൻ,സുനി ആനന്ദൻ, ഗോപാലകൃഷ്ണൻ, ആർ ശശികുമാർ, ബി വിശ്വൻ, കെ ജി സദാശിവൻ, ആർ ഉത്തമൻ,ആർ സുജ, നൂറനാട് മോഹൻ തുടങ്ങിയവരും നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Nooranad Mat­ta­pal­ly soil exca­va­tion has been tem­porar­i­ly stopped

You may also like this video

Exit mobile version