Site iconSite icon Janayugom Online

സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ല; വ്യാജ ആരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും വ്യാജ ആരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്നും ഹൈക്കോടതി നിർദേശം. ഇത്തരം കേസുകളിൽ അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർക്ക് പുറമെ കോടതിയും കുടുങ്ങുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. 

പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കോടതി അവരുടെ താൽപര്യം സംരക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജപരാതികളിൽ വ്യക്തികൾക്കുണ്ടാകുന്ന ക്ഷതത്തിന് ഒന്നും പകരമാകില്ലെന്നും അതിനാൽ അന്വേഷണഘട്ടത്തിൽ തന്നെ പൊലീസ് സത്യം കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റെയാണ് നിരീക്ഷണം. കേസിൽ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നയാളാണ് പ്രതി. 

പരാതിക്കാരിയുമായി ഇയാള്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. ഇയാൾക്കെതിരെ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പരാതിക്കാരിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അവർ അവര്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവാണെന്നും പിന്നീടാണ് അറിഞ്ഞതെന്നുമാണ് പ്രതിയുടെ വാദം.

എന്നാൽ ഈ സംഭവത്തിൽ ഹര്‍ജിക്കാരനും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തിലൂടെയാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. തെറ്റിദ്ധരിക്കപ്പെട്ടാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ. വിവാഹ വാഗ്ദാനം നൽകിയതിനാലണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പരാതിക്കാരി വാദിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീ വിവാഹമോചനം നേടാതെ വിവാഹവാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാഹചര്യം വ്യത്യസ്തമാക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Exit mobile version