Site iconSite icon Janayugom Online

അഡാനി-ഹിന്‍ഡന്‍ബര്‍ഗ് വാര്‍ത്ത; മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീം കോടതി

കോടതി ഉത്തരവ് വരുന്നതു വരെ അഡാനി ‑ഹിൻഡൻബർഗ് വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ ഒരിക്കലും തടയില്ലെന്ന് ഹരജിക്കാരനായ അഡ്വ. എം എൽ ശർമയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനല്ല, ഉചിതമായ വാദങ്ങൾ ഉന്നയിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബെഞ്ച് ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിൻൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശർമ നൽകിയ പൊതു താത്പര്യ ഹരജിയിലും മാധ്യമങ്ങൾ വിഷയം സെൻസേഷനാക്കുകയാണെന്ന് ആരോപിച്ചിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരായ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയും അഡാനി ഗ്രൂപ്പിനെതിരെ​അന്വേഷണം ആവശ്യപ്പെടുന്ന രണ്ട് ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്. ഇന്ത്യൻ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള റെഗുലേറ്ററി മെക്കാനിസം അവലോകനം ചെയ്യാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ഉത്തരവ് കോടതി ഓർമ്മിപ്പിച്ചു. എന്നാല്‍ ഈ വിദഗ്ധ സമിതിക്കായി കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾ മു​ദ്രവച്ച കവറിൽ നൽകിയത് കോടതി സ്വീകരിച്ചിരുന്നില്ല.

ജനുവരി 24നാണ് അഡാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ വർധിപ്പിക്കാൻ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 413 പേജുള്ള മറുപടി പ്രസിദ്ധീകരിച്ചുകൊണ്ട് അഡാനി ഗ്രൂപ്പ് ആരോപണങ്ങൾ നിരസിക്കുകയും ഇന്ത്യക്കെതിരായ ആക്രമണമായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ‘വഞ്ചനയെ ദേശീയതകൊണ്ട് അവ്യക്തമാക്കാനാവില്ല’ എന്ന് പറഞ്ഞ് ഹിൻഡൻബർഗ് തിരിച്ചടിച്ചു. ഹിൻഡെബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതു മുതൽ, അഡാനി ഓഹരികൾ ഷെയർ മാർക്കറ്റിൽ മൂക്കുകുത്തുകയാണ്.

Eng­lish Sam­mury: Supreme Court will not bar media report­ing on Adani-Hin­den­burg issue

Exit mobile version