ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി പാർട്ടി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാഭാരതി രംഗത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ക്യാമ്പയിനിൽ പ്രത്യേകം ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉമാഭാരതി നേതൃത്വത്തോട് ഇടഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ അഞ്ച് സ്ഥലങ്ങളിൽ സെപ്റ്റംബർ ആദ്യവാരം മുതൽ ‘ജൻ ആശിർവാദ് യാത്രകൾ’ നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മുതിർന്ന നേതാക്കളും ചേർന്നാണ് യാത്രകൾ ഫ്ലാഗ് ഓഫ് ചെയ്യുക. ഈ പരിപാടികളിലൊന്നിലും മുന്‍ മുഖ്യമന്ത്രിയായ ഉമാഭാരതിയെ ക്ഷണിച്ചിട്ടില്ല. എന്നാല്‍ പോസ്റ്ററുകളില്‍ അവരുടെ ചിത്രം ആലേഖനം ചെയ്തിട്ടുമുണ്ട്.
‘പരിപാടികളുടെ ‘പോസ്റ്റർ ഗേൾ’ ആകാൻ ആഗ്രഹിക്കുന്നില്ല, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാൾ ചെറുപ്പമാണ്. ഇനിയും 15–20 വർഷം വരെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’- ഉമാഭാരതി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷേ താൻ അവിടെയുണ്ടെങ്കിൽ മുഴുവൻ ജനശ്രദ്ധയും തന്നിലായിരിക്കുമെന്ന് ബിജെപി നേതാക്കൾക്ക് ആശങ്കയുണ്ടാകുമെന്നാണ് ഉമാഭാരതിയുടെ ആക്ഷേപം. 2020 ൽ ജ്യോതിരാദിത്യ സിന്ധ്യ അവരെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചെങ്കിൽ, 2003ൽ താനും വലിയ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഉമാഭാരതി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തീരുമാനങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലോ പ്രചാരണങ്ങളിലോ പങ്കെടുക്കുകയുള്ളുവെന്നും അവർ വ്യക്തമാക്കി.
English Sammury: BJP’s planned mega yatra in Madhya Pradesh, Uma Bharti said she did not seek to be a “poster girl”