Site iconSite icon Janayugom Online

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയിലെ നോട്ടുകെട്ടുകള്‍: വീഡിയോ പുറത്തുവിട്ടു

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവം ശരിവയ്ക്കുന്ന വീഡിയോ പുറത്ത്. കത്തിനശിച്ച കറന്‍സി നോട്ടുകള്‍ ജഡ്ജിയുടെ വീടിന് സമീപം കിടക്കുന്നതായി സുപ്രീം കോടതി പുറത്തുവിട്ട വീഡിയോയില്‍ കാണാം.

സ്റ്റോര്‍ റൂമായി ഉപയോഗിച്ചിരുന്ന പത്തായപ്പുരയില്‍ നിന്ന് കത്തിയ നാലോ അഞ്ചോ ചാക്ക് കറന്‍സി നോട്ടുകള്‍ കണ്ടെത്തിയതായി സുപ്രീം കോടതി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ ശുചീകരണ തൊഴിലാളി ഇന്ദര്‍ജീത് മാലിന്യം ശേഖരിക്കുന്നതിനിടെ 500 രൂപ നോട്ടിന്റെ കത്തിയ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ നോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ തീപിടിച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇന്ദര്‍ജീത് പറഞ്ഞു. ജഡ്ജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നു. ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതി പരസ്യമാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍, ഷോര്‍ട് സര്‍ക്യൂട്ട് കാരണം തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടിലില്ലായിരുന്നു. അതിനിടെ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചു. താനോ കുടുംബാംഗങ്ങളോ വീട്ടിലോ, മറ്റെവിടെയോ പണം സൂക്ഷിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. സുപ്രീം കോടതി പുറത്തിറക്കിയ വീഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും കുറ്റപ്പെടുത്തി. പണം കണ്ടെത്തിയ പത്തായപ്പുരയില്‍ ബലപ്രയോഗം നടത്തിയതിന് തെളിവുകളില്ലെന്നും ജസ്റ്റിസ് വര്‍മ്മയുമായി ബന്ധമുള്ളവര്‍ക്ക് മാത്രമേ അവിടെ പ്രവേശനമുണ്ടായിരുന്നുള്ളൂ എന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സൂചിപ്പിച്ചു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സുപ്രീം കോടതി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

Exit mobile version