കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് ബി വി നാഗരത്ന തന്റെ വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ഭൂരിപക്ഷ വിധിയെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ ശക്തമായ വിയോജിപ്പാണ് നാഗരത്ന രേഖപ്പെടുത്തിയത്.
2016 നവംബർ 8 ലെ കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ ‘നിയമവിരുദ്ധം’ എന്നാണ് നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 26 പ്രകാരം, ആർബിഐയുടെ സെൻട്രൽ ബോർഡ് നോട്ട് നിരോധനം സ്വതന്ത്രമായി ശുപാർശ ചെയ്യണമായിരുന്നു, അത് സർക്കാരിന്റെ ഉപദേശം മുഖേന ചെയ്യാൻ പാടില്ലായിരുന്നുവെന്നും നാഗരത്ന വ്യക്തമാക്കി. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്ന അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016‑ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു.
ഇത് നടപ്പിലാക്കിയ രീതി നിയമത്തിന് അനുസൃതമായല്ല. സര്‍ക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ‘കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യപ്രകാരം’ എന്ന വാചകങ്ങള്‍ വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌ന വിധിയില്‍ പറയുന്നു.
റിസര്‍വ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശ റിസര്‍വ് ബാങ്ക് ആണ് കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടത്. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല അത്തരമൊരു ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍, ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സര്‍ക്കാരില്‍നിന്നാണ്. അതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ഏഴിന് റിസര്‍വ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആര്‍ബിഐ നല്‍കിയ അഭിപ്രായം ശുപാര്‍ശയായി പരിഗണിക്കാനാവില്ലെന്നും ആര്‍ബിഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കാന്‍ ആര്‍ബിഐക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
English Summary: Notes Ban Order “Unlawful”, “Vitiated”: Dissenting Supreme Court Judge BV Nagarathna
You may also like this video