Site iconSite icon Janayugom Online

ഇനി യാത്ര പുതുപ്പള്ളിയിലോട്ട്

yathrayathra

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു. എംസി റോഡ് വഴിയാണ് കോട്ടയത്തേക്ക് വിലാപയാത്ര ഒരുക്കിയിട്ടുള്ളത്. പുര്‍ച്ചെ നാലുമുതല്‍ ഈ റൂട്ടില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. 

നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. 

ജൂലൈ 20ന് പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്. 

ഏകദേശം ഒരു മണിയോടെ വിലാപയാത്ര എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്നും ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങൾ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ബൈപാസിലൂടെയും കടത്തിവിടും. വിലാപയാത്ര ജില്ലാ അതിർത്തിയായ ഏനാത്ത് എത്തുമ്പോൾ മുതൽ നഗരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കെഎസ്ആർടിസി ജംഗ്ഷനിൽ മൃതദേഹം 15 മിനിറ്റോളം നേരം പൊതുദർശനത്തിന് വെക്കുന്നുണ്ട്. 

You may also lke this video

Exit mobile version