Site icon Janayugom Online

ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ഇനി യുഡിഐഡി ആധികാരിക രേഖ: മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനത്ത് ഭിന്നശേഷി ക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കിയെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 

ഭിന്നശേഷി അവകാശനിയമ പ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായത്.ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും യുഡിഐഡി കാർഡ് ആധികാരികരേഖയായി അംഗീകരിക്കുന്നില്ലെന്ന വ്യാപക പരാതിയുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ആനുകൂല്യങ്ങൾക്ക് നിലവിലെ ഉത്തരവുകൾ പ്രകാരമുള്ള രേഖകൾ മതിയെന്നും മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ബോർഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ സംസ്ഥാന സർക്കാരിന്റെ പൊതു ആധികാരികരേഖയായി സ്വീകരിക്കണമെന്ന് നിലവിൽ ഉത്തരവുണ്ട്. ഇവർ നൽകുന്ന ആനുകൂല്യങ്ങൾക്കായി ഭിന്നശേഷിത്വം തെളിയിക്കാൻ മറ്റു സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഒഴിവാക്കണമെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നിർദ്ദേശം കർശനമായി പാലിക്കണമെന്നും എല്ലാ വകുപ്പുമേധാവികളും അവർക്കു കീഴിലെ ഓഫീസർമാർക്കും സ്ഥാപനങ്ങൾക്കും ഉത്തരവിലെ നിർദ്ദേശങ്ങൾ സത്വരനടപടികൾക്കായി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുണ്ടാവും — മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Eng­lish Sum­ma­ry: Now UDID Doc­u­ment for Dis­abil­i­ty Ben­e­fits: Min­is­ter Dr R Bindu

You may also like this video

Exit mobile version