Site iconSite icon Janayugom Online

വോട്ടര്‍മാരുടെ എണ്ണം 100 കോടിയിലേക്ക്

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടിയിലേക്കെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ്‌ കമ്മിഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്. 1950ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനമായ ജനുവരി 25നാണ് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നത്. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കമ്മിഷന്‍ അറിയിച്ചു. 18–29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാര്‍ രാജ്യത്തുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ 948 ആയിരുന്നത് 2025ല്‍ 954 ആയി ഉയര്‍ന്നു. സ്‌ത്രീ വോട്ടർമാരുടെ എണ്ണവും ഏകദേശം 48 കോടിയാണെന്നും കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ൽ 6,78,01,113 പുതിയ വോട്ടർമാർ രജിസ്റ്റർ ചെയ്തു. 2019ൽ വോട്ടര്‍മാര്‍ 91,19,50,734 ആയിരുന്നുവെങ്കില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 97,97,51,847 ആയി ഉയര്‍ന്നു. 2024ൽ 2.63 കോടിയിലധികം പുതിയ വോട്ടർമാരെ ചേർത്തതില്‍ ഏകദേശം 1.41 കോടി സ്ത്രീ വോട്ടർമാരായിരുന്നു.

പുതുതായി എൻറോൾ ചെയ്ത പുരുഷ വോട്ടർമാരുടെ (1.22 കോടി) എണ്ണത്തെക്കാള്‍ 15 ശതമാനം കൂടുതലാണിതെന്നും കമ്മിഷന്‍ അറിയിച്ചു.

Exit mobile version