മെഡിക്കൽ കോളേജിൽ 25 -ാം വാർഡ് ന്യൂറോ വിഭാഗത്തിൽ മരുന്ന് നൽകുന്നതിനിടയിൽ നേഴ്സിനെ രോഗി ആക്രമിച്ചു. ആക്രമണത്തിൽ വാർഡ് 25 ലെ നേഴ്സ് പൂഞ്ഞാർ കുന്നോന്നി നേഖ അരുൺ (29) ന്റെ വലതുകൈ ഒടിഞ്ഞു. സംഭവം സംബന്ധിച്ച് ആശുപത്രി അധികൃതർക്കും പോലീസിലും നേഖ പരാതി നൽകി.
ഇന്നലെ രാവിലെ അഞ്ചുമണിയോടെ ന്യൂറോ സർജ്ജറി വിഭാഗം വാർഡ് 25 ലാണ് സംഭവം. വാർഡിൽ രോഗികൾക്ക് മരുന്നും മറ്റു പരിചരണങ്ങളും നൽകുന്നതിനിടയിൽ ഇടുക്കി ഉപ്പുതറ മത്തായിപ്പാറ സ്വദേശിയായ രോഗിക്ക് മരുന്ന് നൽകുവാനാണ് നേഖ എത്തിയത്. ആദ്യം മരുന്ന് അടങ്ങിയ പാത്രം വലിച്ചെറിയുകയും ചാടിയെഴുന്നേറ്റ് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ വലതു കൈ പിടിച്ച് തിരിച്ചതിനെ തുടർന്ന് വലത് കൈപ്പത്തിക്ക് താഴെ പരിക്കേറ്റു. ഉടൻതന്നെ നേഖക്ക് പ്രഥമ ശുശ്രൂഷ നൽകി. രോഗിയെ മറ്റ് ജീവനക്കാരും ബന്ധുക്കളും ചേർന്ന് കീഴ്പെടുത്തി.
അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നേഖ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഉച്ചയോടെ കൈക്ക് വേദന കൂടി. തുടർന്ന് പാലായിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൈയ്ക്ക് പൊട്ടൽ ഉണ്ടെന്നും ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും മനസ്സിലായത്. ചികിത്സ തുടങ്ങിയതിനുശേഷം കോട്ടയം മെഡിക്കൽ കോളജിലെത്തി ന്യൂറോ വിഭാഗം മേധാവി ഡോ. പി. കെ. ബാലകൃഷ്ണന് രേഖാമൂലം പരാതി നൽകി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗർ പോലീസിലും പരാതി നൽകി.
English Summary: Nurse assaulted by patient at Kottayam Medical College; The nurse’s right arm was broken
You may also like this video