അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ അഭൂതപൂർവ്വമായ കുതിപ്പാണ് അടുത്ത കാലങ്ങളിലായി കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ളത് . അതിനാൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട് . എന്നാൽ ഇതിന് അനുപാതികമായി നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നവശ്യപ്പെട്ട് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷന്റെ(കെജിഎൻഎ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ധർണ ഉദ്ഘാടനം ചെയ്തു .കെജിഎൻഎ ജില്ലാ പ്രസിഡന്റ് അജിത ടി ആർ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സ്മിത ബക്കർ സ്വാഗതം പറഞ്ഞു. എഫ്എസ്ഇടിഓ ജില്ലാ സെക്രട്ടറി ദിപിൻ എസ് , കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിലാഷ് എം , ബേസിൽ പി എൽദോസ് , ബീന ടി ഡി , മുഹമ്മദാലി എം എ എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറർ ബിന്ദു കെ എസ് നന്ദി പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 500ലധികം നേഴ്സുമാർ സമരത്തിൽ പങ്കുചേർന്നു.