പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎൽഎയായ ഒ ആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ, ജി ആര്‍ അനില്‍, സജി ചെറിയാൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, വി ശിവൻകുട്ടി, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മേയർ ആര്യ രാജേന്ദ്രൻ, എ എ റഹീം എംപി, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കലാ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒ ആർ കേളുവിന്റെ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആർ കേളു മന്ത്രിസഭയിലേക്കെത്തുന്നത്. പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികൾ ഓൺലൈനായി നടപ്പാക്കിക്കൊണ്ടുള്ളതായിരുന്നു മന്ത്രി ഒ ആർ കേളുവിന്റെ ആദ്യ തീരുമാനം. പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രിയായി ചുമതലയേറ്റശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്. ചികിത്സാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
English Summary:O. R. Kelu was sworn in as Minister
You may also like this video