സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി.
ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, കസ്റ്റമര്‍ റിലേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടല്‍ ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ചുമാസത്തിനിടെ ഒലയില്‍ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. വിപണിയില്‍ നിന്നും കടുത്ത നഷ്ടമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഓഹരികളില്‍ 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഒരുകാലത്ത് രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കളായ ഒല അനുദിനം താഴ്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ഉപഭോക്തൃ പരാതികള്‍, സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍, വിപണിയിലെ മത്സരം എന്നിവയാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഒരു മാസം മാത്രമായി ഒലയ്ക്കെതിരെ ഏകദേശം 80000 പരാതികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് ലഭിക്കുന്നതായാണ് വിവരം.
ഫ്രണ്ട് ആന്റ് സെയില്‍സ്, സര്‍വീസ് സെന്ററുകളിലെയും ഷോറൂമുകളിലെയും കരാര്‍ ജീവനക്കാര്‍ എന്നിവരെയും പിരിച്ചുവിടല്‍ ബാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പിരിച്ചുവിടല്‍ നടപടികളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.

