Site iconSite icon Janayugom Online

ഒമിക്രോണ്‍ ഇന്ത്യയില്‍

അതീവ വ്യാപനശേഷിയുള്ള കോവിഡ് ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബംഗളുരുവിലെത്തിയ 66 കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും 46 കാരനായ ബംഗളുരു സ്വദേശിയായ ഡോക്ടര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡോക്ടറുമായി സമ്പര്‍ക്കത്തിലുള്ള അഞ്ച് പേരില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദമാണോ എന്ന് സ്ഥിരീകരിക്കാന്‍ ജനിതക ശ്രേണീകരണം വേണ്ടിവരും. അതേസമയം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെയാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ ചികിത്സ തേടി. പിന്നീട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍പേരില്‍ ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയില്‍ ഇന്നലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നെത്തിയ മൂന്നുപേരിലും ലണ്ടനില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കും. ഇതുവരെ ഡല്‍ഹി വിമാനത്താവളത്തില്‍ എട്ടുപേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ തിരിച്ചറിഞ്ഞ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന 25-ാമത്തെ രാജ്യമാണ് ഇന്ത്യ. സ്പൈക്ക് പ്രോട്ടീനില്‍ മാത്രം 30 ഓളം തവണ ജനിതകമാറ്റങ്ങള്‍ക്ക് ഒമിക്രോണ്‍ വിധേയമായിട്ടുണ്ട്. രാജ്യത്ത് ഇന്നലെ 9,765 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,46,06,541 ആയി ഉയര്‍ന്നു. 477 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 4,69,724 ആയി ഉയര്‍ന്നു.

Eng­lish Sum­ma­ry: Omi­cron in India

You may like this video also

Exit mobile version