Site iconSite icon Janayugom Online

രാജ്യത്ത് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു

ഡല്‍ഹിയിൽ ഒരാൾക്കും രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ പുതുതായി ഏഴ് പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയിവര്‍ധിച്ചു. ടാന്‍സാനിയയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഡല്‍ഹിയിൽ രോഗം സ്ഥിരീകരിച്ചത്. രോഗിയെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരനാണ് രോഗി, ഏതാനും ദിവസം മുമ്പാണ് ടാന്‍സാനിയയില്‍ നിന്ന് ഇയാൾ മടങ്ങിയെത്തിയത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, പരിശോധിച്ചുകൊണ്ടിരിക്കുന്നു. രാജസ്ഥാനിലെ ജയ്‌പുരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയവരാണ്. മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പുനെയില്‍ നിന്നും ആറുപേര്‍ പിംപരി ചിഞ്ച്‌വാഡില്‍നിന്നുമുള്ളവരാണ്. ശനിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ്-ഡല്‍ഹി വഴി മുംബൈയിലെത്തിയ 33‑കാരനിലാണ് ആദ്യം ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ ആദ്യ രണ്ട് കേസുകള്‍ കര്‍ണാടകയിലായിരുന്നു. മൂന്നാമത്തേത് ഗുജറാത്തിലും നാലാമത്തേത് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. ഒമിക്രോണ്‍ നവംബര്‍ 25നാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിദഗ്ധര്‍ തിരിച്ചറിഞ്ഞത്. കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാനും ആരോഗ്യ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

eng­lish summary;Omikron con­firmed once again in the country

you may also like this video;

Exit mobile version