സമൃദ്ധിയുടെ പൂവിളികളുമായി അത്തം പിറന്നു. പത്താം നാൾ പൊന്നോണം. നാടും നഗരവും ഓണാഘോഷത്തിമിർപ്പിലേക്ക്. മലയാളികൾക്ക് ഓണപ്പൂക്കളമൊരുക്കാൻ തമിഴ്‌നാട്ടിലെ പൂപ്പാടങ്ങളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും പലയിടങ്ങളിലും പൂ കൃഷിയുടെ പ്രാദേശിക വിളവെടുപ്പും തുടങ്ങി. പൂക്കടകളും തെരുവുകളും പൂവുകൾ കൊണ്ട് നിറഞ്ഞു.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും വൻ തോതിൽ പൂക്കളും കേരളത്തിലെ ഓണാഘോഷ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തിത്തുടങ്ങി. ഇന്ന് മുതൽ വീട്ടു മുറ്റങ്ങളിലും സ്ഥാപനങ്ങളിലും പത്തുദിവസം പൂക്കളം തീർക്കും. കൂടാതെ പൂക്കള മത്സരവും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. തോവാള, തിരുനെൽവേലി, ബംഗളൂരു, ദിണ്ടുക്കൽ, സേലം, ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പൂപ്പാടങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്.
സമീപ ദിവസങ്ങളിൽ നിന്നും നേരിയ വില വർധന ചില പൂക്കൾക്ക് ഉണ്ടായിട്ടുണ്ട്. ബന്തി, അരളി, വാടാമല്ലി, ജമന്തി, ചെത്തി, താമര, റോസ്, മുല്ല, പിച്ചി, കോഴിപ്പൂവ്, ഡാലിയ, ആസ്ട്രിൻ കളർ, കനകാംബരം എന്നീ പൂക്കൾക്കാണ് ആവശ്യക്കാർ ഏറെയും. വെള്ള ജമന്തി കിലോ 350, മഞ്ഞ ജമന്തി 250, വാടാമല്ലി 300, ആസ്ട്രിൻ കളർ 400, ഓറഞ്ച് ചെട്ടി 150, മഞ്ഞ ചെട്ടി 250, റോസ് 400, കളർ റോസ് 300, ചില്ലി റോസ് 600, മുല്ലപ്പൂ 50, താമര 10 നിരക്കിലാണ് കൊച്ചിയിൽ വില്പന. പ്രാദേശികമായി ഓരോ സ്ഥലങ്ങളിലും വിലയിൽ ചെറിയ മാറ്റം കാണും. വരും ദിവസങ്ങളിൽ ഇത് കൂടുവാനാണ് സാധ്യതയെന്ന് കൊച്ചിയിലെ പൂ വ്യാപാരിയായ സന്തോഷ് പറഞ്ഞു. ഇത്തര സംസ്ഥാന തൊഴിലാളികൾ തെരുവുകളിലും പൂ കച്ചവടവുമായി രംഗത്തെത്തിയിട്ടുണ്ട്.
English summary;onam celebration kerala
you may also like this video;