Site icon Janayugom Online

കുടുംബശ്രീ ഓണം ഉത്സവ് ഇന്നു മുതല്‍; ഉല്പന്നങ്ങൾക്ക് വന്‍ വിലക്കുറവ്

മലയാളികളുടെ ഓണാഘോഷങ്ങൾക്ക് നിറവേകാൻ ഇത്തവണയും ‘ഓണം ഉത്സവ്’ ഓൺലൈൻ ഷോപ്പിങ്ങ് ഫെസ്റ്റിവലുമായി കുടുംബശ്രീയെത്തുന്നു. കുടുംബശ്രീയുടെ ഓൺലൈൻ പോർട്ടലായ www. kudum­bashree­bazaar. com വഴിയാണ് വിപണനം. തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഇന്ന് വിപണന മേള ഉദ്ഘാടനം ചെയ്യും. 31 വരെയാണ് വിപണന മേള സംഘടിപ്പിക്കുന്നത്.

ഓൺലൈൻ വിപണന മേള വഴി ഓണസദ്യയൊരുക്കാനുള്ള പായസം മിക്സും ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ കുടുംബശ്രീയുടെ മുഴുവൻ ഉല്പന്നങ്ങളും വാങ്ങാനാകും. എല്ലാ ഉല്പന്നങ്ങൾക്കും കുടുംബശ്രീ നൽകുന്ന 10 ശതമാനം ഡിസ്കൗണ്ടും, കൂടാതെ സംരംഭകർ നൽകുന്ന ഡിസ്കൗണ്ടും കൂടി ചേർത്ത് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 1000 രൂപയിൽ കൂടുതൽ ഉല്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭ്യമാകും. ഓർഡർ ചെയ്യുന്ന ഉല്പന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജില്ലാതെ എത്തിക്കാനുള്ള സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.

ആയിരത്തോളം വൈവിധ്യമാർന്ന ഉല്പന്നങ്ങൾ വിപണന മേളയിലൂടെ ഒരു കുടക്കീഴിൽ നിന്നും വാങ്ങാന്‍ കഴിയും. കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭകർ ഉല്പാദിപ്പിക്കുന്ന വിവിധ തരം ചിപ്സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്ക്വാഷ്, കശുഅണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്ക് എന്നിവ പോർട്ടലിൽ ലഭ്യമാകും.

ഇതു കൂടാതെ ഇടുക്കി ജില്ലയിലെ ഗോത്രവർഗ മേഖലയിലെ സംരംഭകർ തയ്യാറാക്കുന്ന കലർപ്പില്ലാത്ത ബ്രാൻഡഡ് ഉല്പന്നങ്ങളായ കൂവപ്പൊടി, ചെറുതേൻ, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുളള സംരംഭകർ ഹിൽവാല്യു എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തയ്യാറാക്കുന്ന ഉല്പന്നങ്ങളായ തേൻ, റാഗി, ചോളം, തിന, വരഗ്, കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, തൃശൂർ ജില്ലയിലെ അതിരപ്പിളളിയിൽ നിന്നുള്ള ബ്രാൻഡഡ് ഉല്പന്നങ്ങളായ കാപ്പിപ്പൊടി, തേൻ, വരഗ് കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേർന്ന അച്ചാർ എന്നീ ഉല്പന്നങ്ങളും മേളയില്‍ വാങ്ങാന്‍ സാധിക്കും.

1040 ഓണം വിപണന മേളകളും

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനമൊട്ടാകെ 1040 ഓണം വിപണന മേളകളും കുടുംബശ്രീ സംഘടിപ്പിക്കുന്നുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോകോൾ, ഗ്രീൻ പ്രോട്ടോകോൾ എന്നിവ പാലിച്ചാണ് സിഡിഎസ് തലത്തിലും ജില്ലാതലത്തിലും ഓണം ഉല്പന്ന വിപണന മേളകൾ നടത്തുന്നത്. മേളകൾ സജ്ജീകരിക്കുന്നതിനായി നഗരസഭാ സിഡിഎസുകൾക്ക് 15,000 രൂപയും ഗ്രാമ സിഡിഎസുകൾക്ക് 12,000 രൂപയും കുടുംബശ്രീ നൽകിയിട്ടുണ്ട്. സൂക്ഷ്മസംരംഭകരുടെ ഉല്പന്നങ്ങൾക്കൊപ്പം കുടുംബശ്രീ കർഷക സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന കാർഷികോല്പന്നങ്ങളും ഓണം വിപണനമേളയിലുണ്ട്. സപ്ലൈകോയുടെ 359 ഔട്ട്‌ലെറ്റുകൾ, കുടുംബശ്രീയുടെ 1020 നാനോ മാർക്കറ്റുകൾ, 11 കുടുംബശ്രീ ബസാറുകൾ, 13 ഷോപ്പി ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നൂറിലേറെ കിയോസ്കുകൾ എന്നിവ വഴിയും ഉല്പന്നങ്ങൾ ലഭ്യമാകും. വിപണനമേളകള്‍ വെള്ളിയാഴ്ച വരെയുണ്ടാകും.

You may also like this video:

Exit mobile version