ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന
കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ
ഒറ്റയാവുന്ന പോലൊരു തോന്നലിൻ
ചുറ്റുകൾ മുറുകുന്നു, മൗനമായി
കെട്ടഴിഞ്ഞു പോമോർമ്മകൾ
മാനത്തൊരൊറ്റ നക്ഷത്രമായി
മിഴി ചിമ്മുന്ന, തിലൂറി നിൽക്കും
പ്രകാശം കടഞ്ഞെടുത്തോണ
നാളിൽ പ്രഭാതം തെളിക്കുമ്പോൾ
ഓമലേ നീയെന്നിൽ വിളങ്ങുന്നു
രാവിറയത്തു തേങ്ങും പകൽപ്പൂക്കൾ
പാറിയെത്തുന്നെൻ കൈക്കുടന്നയിൽ
നഷ്ടമായൊരാ പൂവിൻ കിനാക്കളെ
തൊട്ടെടുത്തു ഞാൻ പൂക്കളം നേദിച്ചു
ഊഞ്ഞാലിൻ തട്ടിലൂർന്നു വീഴുന്നിതാ
ഓണപ്പാട്ടുകളുപ്പേരി ചില്ലാട്ടം
ഓണത്തപ്പനെ ചൂഴും നിറങ്ങളായി
പൂക്കളായി പവിഴങ്ങളായോർമ്മകൾ
ഉച്ചയൂണിനു നാക്കില നീർത്തി നീ
വച്ച സ്വാദുകൾ വാരി വിതറവേ
പപ്പടം പൊടിയുന്ന പോൽ പുഞ്ചിരി
പൂത്തു പൊട്ടിച്ചിരികളായി മാറി നാം
സന്ധ്യയാകുന്ന പോലൊരു ചിത്രമെൻ
അന്തഃരംഗേ വരച്ചു മറഞ്ഞു നീ
ഇല്ലൊരുത്രാട നാളിലും ചന്ദ്രിക
അന്നുതൊട്ടിന്നോളം വിരിഞ്ഞീലാ
ഇല്ലു,ണർന്നീലൊരോണവുമെന്നുള്ളിൽ
അന്ധകാരമൊഴിഞ്ഞിട്ടിതേവരെ
കാത്തിരിപ്പിന്റെ വേദനയുണ്ടു ഞാൻ
നേർത്തുനേർത്തു പോയെൻ ഹൃദയവും
നട്ടു പോറ്റിയ പാതിരപ്പൂവുകൾ
ഹൃത്തടത്തിൽ പകർന്ന കവിതകൾ
ഓർത്തെടുക്കവേ,യാർത്തലച്ചീടുന്ന
ഓണമാണു നീ,യല്ലെങ്കിലില്ല ഞാൻ