കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചുകയറി ഒരു മരണം. റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികനാണ് മരിച്ചത്. കഴക്കൂട്ടം-കാരോട് ദേശീയ പാതയിലായിരുന്നു ദാരുണ സംഭവം. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സ്ക്കൂട്ടർ യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ രജീഷ് കുമാർ(40) ആണ് മരിച്ചത്. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയുടെ ഫോട്ടോ എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജീഷിൻറെ ബൈക്കിലേക്ക് കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രജീഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസാണ് രജീഷിനെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.

