Site icon Janayugom Online

ഒരു മണിക്കൂര്‍ മിന്നല്‍ പരിശോധന; 175 ബസുകളില്‍ നിയമലംഘനം

നഗരത്തില്‍ ഒരു മണിക്കൂര്‍ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 175 ബസ്സുകള്‍. 60 ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സ് പോലും ഇല്ലാത്തവരാണെന്ന് കണ്ടെത്തി. ഫസ്റ്റ് എയ്ഡ് ബോക്‌സുകളില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി. ഓപ്പറേഷന്‍ സിറ്റി റൈഡ് എന്ന പേരിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പും പോലീസും കൊച്ചി നഗരത്തില്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തിയത്. ഒരു മണിക്കൂറില്‍ 286 ബസ്സുകളില്‍ നടത്തിയ പരിശോധനയില്‍ 175 എണ്ണത്തിലും നിയമലംഘനം കണ്ടെത്തി. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരും ഇന്‍ഷുറന്‍സും നികുതിയും അടക്കാത്ത ബസ്സുകളും പിടിയിലായി.

60 ബസുകളിലെ കണ്ടക്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാത്തവരായിരുന്നു. യൂണിഫോം ഇല്ലാത്ത 30 പേര്‍ക്കെതിരെയും നടപടിയെടുത്തു. വാതില്‍ പാളി തുറന്നിട്ട് സര്‍വീസ് നിര്‍ത്തിയ 10 ബസുകള്‍ക്കെതിരെയും കേസെടുത്തു. അനധികൃതമായി ഓഡിയോ സംവിധാനങ്ങള്‍ ഘടിപ്പിച്ച 27 വാഹനങ്ങളും എയര്‍ ഹോണ്‍ പിടിപ്പിച്ച ആറുവാഹനങ്ങളും അറ്റകുറ്റപ്പണി ചെയ്യാതിരുന്ന ഒന്‍പതു വാഹനങ്ങളും പിടിയിലായി. ട്രിപ്പ് കട്ട് ചെയ്ത ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു. ചില ബസുകളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സുകളില്‍ ഉണ്ടായിരുന്നത് പുകയില ഉല്‍പ്പന്നങ്ങളായിരുന്നു. സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു മിന്നല്‍ പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Eng­lish sum­ma­ry; One hour inspec­tion; Vio­la­tion in 175 buses

You may also like this video;

Exit mobile version