Site iconSite icon Janayugom Online

പെണ്‍കുട്ടികളില്‍ എട്ടിലൊരാള്‍ ലൈംഗിക അതിക്രമം നേരിടുന്നു

ലോകത്ത് എട്ടിലൊരു പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിടേണ്ടിവരുന്നതായി യുണിസെഫ്. ആഗോളതലത്തില്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും 37 കോടി പേര്‍, അതായത് എട്ടിലൊരാള്‍ 18 വയസ് തികയുംമുമ്പേ ബലാത്സംഗമോ ലൈംഗിക അതിക്രമമോ നേരിടേണ്ടിവരുന്നതായി അന്താരാഷ്ട്ര ബാലികാദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞദിവസം യുണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓണ്‍ലൈന്‍ അല്ലെങ്കില്‍ വാക്കാലുള്ള അധിക്ഷേപം പോലുള്ള ‘സമ്പര്‍ക്കേതര’ ലൈംഗിക അതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ അതിജീവിതരുടെ എണ്ണം 65 കോടി (അഞ്ചിലൊരാള്‍) ആകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2010–2022 കാലത്തിനിടെ 120 രാജ്യങ്ങളിലായി നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ, സാമ്പത്തികമോ ആയ അതിരുകള്‍ക്കപ്പുറം വ്യാപകമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. സബ് സഹാറന്‍ ആഫ്രിക്കയിലാണ് അതിജീവിതര്‍ കൂടുതലുള്ളത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും 22 ശതമാനം, അതായത് 7.90 കോടി പേര്‍ ഇത്തരത്തില്‍ അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. കിഴക്കന്‍, തെക്ക്-പൂര്‍വേഷ്യ 7.50 കോടി (എട്ട് ശതമാനം), മധ്യ, ദക്ഷിണ ഏഷ്യ 7.30 കോടി(ഒമ്പത് ശതമാനം), യൂറോപ്പ്, വടക്കേ അമേരിക്ക 6.80 കോടി (14 ശതമാനം), ലാറ്റിന്‍ അമേരിക്ക, കരിബീയന്‍ 4.50 കോടി (18 ശതമാനം), വടക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ 2.90 കോടി (15 ശതമാനം), ഓഷ്യാനിയ 60 ലക്ഷം (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. 

കുട്ടിക്കാലത്തെ ലൈംഗിക അതിക്രമങ്ങളിൽ ഏറിയപങ്കും സംഭവിക്കുന്നത് കൗമാരകാലത്താണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 14നും 17നും ഇടയില്‍ ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഗണ്യമാണ്. ഒരിക്കല്‍ ലൈംഗികാതിക്രമം നേരിട്ട കുട്ടികൾ വീണ്ടും വീണ്ടും ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ കാണിക്കുന്നു. 

കൗമാരകാലത്ത് ലൈംഗിക അതിക്രമം നേരിട്ടവര്‍ അതിന്റെ ആഘാതവും വ്യഥകളുമൊക്കെ പ്രായപൂര്‍ത്തിയാകുമ്പോഴും അനുഭവിക്കേണ്ടിവരുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ, ലഹരി ഉപയോഗം, സാമൂഹിക ഒറ്റപ്പെടൽ, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കുന്നതില്‍ വെല്ലുവിളികളും അവര്‍ അനുഭവിക്കും. കുട്ടികൾ അവര്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്താൻ വൈകുന്നത്, ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ ജീവിതകാലമോ അവ രഹസ്യമായി സൂക്ഷിക്കുന്നത് ആഘാതം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളും സ്ത്രീകളും മാത്രമല്ല, ആണ്‍കുട്ടികളും പുരുഷന്മാരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ലോകത്ത് 24 മുതല്‍ 31 കോടി വരെ ആണ്‍കുട്ടികളും പുരുഷന്മാരും, അതായത് പതിനൊന്നിലൊരാള്‍ കുട്ടിക്കാലത്ത് നിര്‍ബന്ധിത ലൈംഗിക വേഴ്ചയോ, അതിക്രമമോ അനുഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. സമ്പര്‍ക്കേതര ലൈംഗികാതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കണക്ക് 41–53 കോടിയായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version