Site iconSite icon Janayugom Online

ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ

jobsjobs

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. രാവിലെ പത്തിന് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ന്യൂനപക്ഷ മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിക്കും. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവർക്കായി സർക്കാറിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നത്.

പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്താം. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകൾ തരംതിരിച്ചാണ് സ്വകാര്യ തൊഴിൽ ദാതാക്കളുമായി കൈകോർത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മുസ്ലിം, കൃസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി, സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് തൊഴിൽ രജിസ്ട്രേഷൻ നടത്താം. ഉദ്ഘാടന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് അധ്യക്ഷതവഹിക്കും.

പട്ടികജാതി-വർഗക്ഷേമ മന്ത്രി ഒ ആർ കേളു മുഖ്യാതിഥിയാവും. എം എൽ എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണൻ, എം വി ശ്രേയാംസ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ പി റോസാ, എ സൈഫുദ്ധീൻ ഹാജി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, കലക്ടർ ഡി മേഘശ്രീ, എഡിഎം കെ ദേവകി, നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക്, കൗൺസിലർ എം പുഷ്പ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബാലസുബ്രമണ്യം, വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ, കേരളാ നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ജില്ലാ കോർഡിനേറ്റർ യൂസഫ് ചെമ്പൻ പങ്കെടുക്കും. കേരളാ നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രൊജക്റ്റ് മാനേജർ ഡയാന തങ്കച്ചൻ പദ്ധതി അവതരണം നടത്തും. 

Exit mobile version