Site iconSite icon Janayugom Online

അടുത്ത വര്‍ഷം കുടുംബശ്രീയിലൂടെ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കും: മന്ത്രി എം ബി രാജേഷ്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷം കുടുംബശ്രീയിലൂടെ സ്ത്രീകള്‍ക്കായി ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. കുടുംബശ്രീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിന്റെ വര്‍ഷമായിരിക്കും അടുത്ത വര്‍ഷമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ വാര്‍ഷികാഘോഷവും കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ അംഗങ്ങള്‍, വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാര്‍ എന്നിവര്‍ക്കെല്ലാം പ്രാദേശികമായുള്ള തൊഴിലുകള്‍ സൃഷ്ടിക്കാനാകും. വിജ്ഞാനകേരളവും കെ ഡിസ്കുമായും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലെ സ്ത്രീ പങ്കാളിത്തം ഏറ്റവും വര്‍ധിക്കുന്നതായിരിക്കും അടുത്ത ഒരു വര്‍ഷമെന്നും മന്ത്രി പറഞ്ഞു. പുതിയ മേഖലകളിലേക്കും കുടുംബശ്രീ കടന്നു ചെന്നിരിക്കുകയാണ്. കെ ഫോര്‍ കെയര്‍ എന്ന പദ്ധതിയിലൂടെ വയോജന പരിചരണ രംഗത്തേക്കും പ്രവേശിച്ചു. അഞ്ഞൂറ് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ചു രംഗത്തിറക്കി. അടുത്ത വര്‍ഷം കുടുംബശ്രീയുടെ ചരിത്രത്തിലെ നിര്‍ണായക വര്‍ഷമായിരിക്കും. 27 വര്‍ഷത്തെ അനുഭവങ്ങളെ ഊര്‍ജമാക്കി മാറ്റിക്കൊണ്ട് കുടുംബശ്രീയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താനുള്ള വര്‍ഷമാണ് അടുത്തത്. വര്‍ധിത വീര്യത്തോടെ ഒറ്റക്കെട്ടായി ഇതിനുവേണ്ടി മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിന് കേരളത്തെ അടയാളപ്പെടുത്തിയ കേരള മാതൃകയുടെ ഏറ്റവും ഉജ്വലമായ സംഭാവനയാണ് കൂടുംബശ്രീ. 3.17 ലക്ഷത്തോളം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള ഏഷ്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായി കുടുംബശ്രീ മാറി. 27 കൊല്ലം മുമ്പ് കുടുംബശ്രീ ആരംഭിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് കുടുംബശ്രീ ലക്ഷ്യംവച്ചതെങ്കില്‍ ഇന്ന് ആ ലക്ഷ്യം പൂര്‍ത്തിയാക്കി പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തിന് വളര്‍ന്നു പന്തലിച്ച് മഹാശക്തിയായി കുടുംബശ്രീ മാറി.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. 17 വിഭാഗങ്ങളിലായി മികച്ച അയല്‍ക്കൂട്ടം, മികച്ച എഡിഎസ്, മികച്ച ഓക്സിലറി ഗ്രൂപ്പ് തുടങ്ങി 51 കുടുംബശ്രീ അവാര്‍ഡുകള്‍ മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു. കെ ലിഫ്റ്റ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതം പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി ഗ്രീന്‍ ഫെലോഷിപ്പ് വിതരണം ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1000 സ്കൂളുകളില്‍ മാ കെയര്‍ സ്റ്റോറുകള്‍

സംസ്ഥാനത്തെ 1000 സ്കൂളുകളില്‍ കുടുംബശ്രീയുടെ മാ കെയര്‍ സ്റ്റോറുകള്‍ വരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിലാണ് 1000 സ്കൂളുകളില്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് സ്കൂളിലേക്ക് ആവശ്യമായതെല്ലാം ഉള്‍പ്പെടുന്നതിനുള്ള കിയോസ്കാണ് മാ കെയര്‍ സ്റ്റോറുകള്‍. ഇതിലൂടെ മൂന്ന് കുടുംബശ്രീ വനിതകള്‍ക്ക് ജോലി ലഭിക്കും. സ്റ്റോറുകളിലൂടെ കുടുംബശ്രീ വനിതകള്‍ക്ക് ന്യായമായ വരുമാനവും കണ്ടെത്താനാകും. താമസിയാതെ പദ്ധതി ആരംഭിക്കാനാകുമെന്നും മന്ത്രി വി ശിവന്‍കുട്ടിയും കുടുംബശ്രീ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Exit mobile version