Site icon Janayugom Online

പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയ്ക്കായി പ്രയത്‌നിക്കണം; മന്ത്രി പി. പ്രസാദ്

പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഭാരതീയ പ്രകൃതി കൃഷി പദ്ധതിപ്രകാരം രൂപീകരിച്ച ചേര്‍ത്തല ക്ലസ്റ്ററിന്റെ കാര്‍ഷികമേള തിരുവിഴേശ്വന്‍ ജെ.എല്‍.ജി ഗ്രൂപ്പിന്റെ കൃഷിയിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിത ഭക്ഷണം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് കാര്‍ഷിക മേളകള്‍ നടപ്പാക്കുന്നത്. 

സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാനാകും. വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹോട്ടികോര്‍പ്പ് വഴി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിച്ച് വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പൂര്‍ണമായും അതിജീവിക്കുന്നതിന് നമ്മുടെ നാട്ടില്‍ കൃഷി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. ജൈവ പച്ചക്കറി കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിക്കണം. എല്ലാവര്‍ക്കും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാര്‍ഷിക മിഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

തിരുവിഴ ദേവസ്വത്തിന്റെ ഭൂമിയില്‍ തിരുവിഴേശ്വരന്‍ ജെ.എല്‍.ജി ഗ്രൂപ്പിന്റെ കൃഷിയിടത്തില്‍ രണ്ട് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വളം, വിത്തിനങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, വിളകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സെമിനാര്‍, കൃഷിവകുപ്പിന്റെ പദ്ധതികളുടെ ബോധവല്‍ക്കരണം എന്നിവയും നടക്കും. കൃഷിരീതികള്‍ കണ്ടു പഠിക്കാനും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് മണ്ണ് പരിശോധിച്ചു നല്‍കും.
യോഗത്തില്‍ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം നോര്‍ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് പരമ്പരാഗത വിത്തിനങ്ങള്‍ കൈമാറി.
ENGLISH SUMMARY;One should strive for self-suf­fi­cien­cy in veg­etable pro­duc­tion; Min­is­ter P. Prasad
YOU MAY ALSO LIKE THIS VIDEO

Exit mobile version