Site iconSite icon Janayugom Online

കേരളത്തില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കും അമിതവണ്ണം

രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ. സ്ത്രീകളില്‍ അമിതവണ്ണമുള്ളവരുടെ നിരക്ക് 21 ശതമാനത്തില്‍ നിന്ന് 24 ശതമാനമായും പുരുഷന്മാരില്‍ 19 ശതമാനത്തില്‍ നിന്ന് 23 ശതമാനമായും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പുര്‍, ഡല്‍ഹി, തമിഴ്‌നാട്, പുതുച്ചേരി, പഞ്ചാബ്, ഛണ്ഡീഗഢ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മൂന്നില്‍ ഒന്നു സ്ത്രീകളും അമിതവണ്ണമുള്ളവരാണ്.

കേരളത്തിലെ സ്ത്രീകളില്‍ 38 ശതമാനം പേരാണ് അമിതവണ്ണമുള്ളവര്‍. പുതുച്ചേരിയില്‍ 46 ശതമാനം സ്ത്രീകളും ചണ്ഡിഗഡില്‍ 44 ശതമാനം സ്ത്രീകളും തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ 41 ശതമാനം സ്ത്രീകളും അമിതവണ്ണം നേരിടുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളിലെ വളര്‍ച്ചാക്കുറവ് 38ല്‍ നിന്നും 36 ശതമാനമായി താഴ്ന്നു. 2019–21 വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലെ കുട്ടികളിലാണ് വളര്‍ച്ചാക്കുറവ് കൂടുതലായും കണ്ടെത്തിയത്, 37 ശതമാനം.

നഗരപ്രദേശങ്ങളിലിത് 30 ശതമാനമാണ്. വളര്‍ച്ചാക്കുറവ് ഏറ്റവും കൂടുതലുള്ളത് മേഘാലയിലാണ്, 47 ശതമാനം. ഏറ്റവും കുറവുള്ള പുതുച്ചേരിയിലെ നിരക്ക് 20 ശതമാനമാണ്. ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍,യുപി എന്നിവിടങ്ങളില്‍ വളര്‍ച്ചാക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വീതം കുറവ് രേഖപ്പെടുത്തി.

ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ആറ് ശതമാനം വീതവും ചണ്ഡീഗഢ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അ‍ഞ്ച് ശതമാനം വീതവുമാണ് കുറവ് രേഖപ്പെടുത്തിയത്. 12 മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന്റെ നിരക്ക് 77 ശതമാനമായി. നാലാമത് സര്‍വേ റിപ്പോര്‍ട്ടിലിത് 62 ശതമാനമായിരുന്നു.

Eng­lish summary;One third of women in Ker­ala are overweight

You may also like this video;

Exit mobile version