വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളില്‍ വലഞ്ഞ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി വ്യാജ ബോംബ് ഭീഷണികളാണ് അഭിമുഖീകരിക്കേണ്ടിവന്നത്. തുടരെത്തുടരെയുള്ള ഇത്തരം വ്യാജ ഭീഷണികള്‍ വിമാനക്കമ്പനികളുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്.
ബോംബ് ഭീഷണി വിമാനക്കമ്പനികള്‍ക്കുമേല്‍ എല്പിക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നാലെ അടിയന്തര ലാന്‍ഡിങ് നടത്തുന്നതുവഴി ഓരോ വിമാനക്കമ്പനികള്‍ക്കും കോടിക്കണക്കിന് രൂപ ചെലവാകുന്നു. യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങ് നടത്തുന്നതു വഴി 25 ലക്ഷം രൂപവരെയും ദീര്‍ഘദൂര വിമാനങ്ങള്‍ക്ക് ഏകദേശം നാലുകോടി വരെയും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏതുതരം ബോംബ് ഭീഷണിയാണെങ്കിലും വെറുതെ തള്ളിക്കളയാന്‍ കഴിയില്ല. ഇതിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഭീഷണി സന്ദേശം ലഭിച്ചാലുടന്‍ അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തണം. അതേസമയം മുന്നേ നിശ്ചയിച്ചിട്ടില്ലാത്ത ലാന്‍ഡിങ്ങുകള്‍ക്ക് ഒരു നിശ്ചിത തുക വിമാനത്താവളങ്ങള്‍ ഈടാക്കുന്നുണ്ട്. കൂടാതെ വിമാനങ്ങളില്‍ വീണ്ടും ഇന്ധനം നിറയ്ക്കേണ്ടി വരുന്നതും പരിശോധന നടത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കേണ്ടി വരുന്നതും കമ്പനികള്‍ക്ക് അധിക ചെലവാകുന്നു.
വിശദമായ പരിശോധന നടത്തുന്നതിന് മണിക്കൂറുകളോളം സമയമെടുത്തേക്കാം. ഒരുപക്ഷേ ഇത് ഒരു ദിവസം വരെ നീണ്ടുപോകാം. ഇത് യാത്രക്കാര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനു പുറമെ നഷ്ടപരിഹാരം നല്‍കാനും വിമാനക്കമ്പനികളെ ബാധ്യസ്ഥരാക്കും. ചില യാത്രക്കാര്‍ കൂടുതല്‍ പണം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുന്നതും വിമാനക്കമ്പനികള്‍ക്ക് പിന്നീട് തലവേദനയാകുന്നു. യാത്രക്കാര്‍ക്കിടയിലും ഭീഷണി സന്ദേശങ്ങള്‍ വിഭ്രാന്തിപരത്തുന്നുണ്ട്. ഇത് പിന്നീട് വിമാനയാത്രകള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്നും യാത്രക്കാരെ പിന്തിരിപ്പിക്കുന്നതിനും കാരണമാകുന്നു.
ഭീഷണി സന്ദേശം മൂലം വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നതും റദ്ദാക്കേണ്ടി വരുന്നതും മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളെ ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായി മറ്റൊരു യാത്രാ സൗകര്യം ഒരുക്കേണ്ടി വരുന്നതും വിമാനക്കമ്പനികള്‍ക്ക് ഇരട്ടി തുക ചെലവഴിക്കാന്‍ കാരണമാകുന്നു.
ചില സാഹചര്യങ്ങളില്‍ അപര്യാപ്തമായ സുരക്ഷാ മുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം പിഴ ചുമത്തുന്നതും സര്‍വസാധാരണമാണ്. നിരന്തരം ബോംബ് ഭീഷണി ലഭിക്കുന്ന വിമാനക്കമ്പനികളുടെ ഇന്‍ഷുറന്‍സ് വരിസംഖ്യ ഉയര്‍ത്തുന്ന പ്രവണതയും നിലവിലുണ്ട്. 2015ല്‍ ഹാലിഫാക്സിലേക്ക് വഴിതിരിച്ചുവിട്ട ടര്‍ക്കിഷിഷ് വിമാനക്കമ്പനിക്ക് ഈ ഒരു കാരണം കൊണ്ട് ഒരു ലക്ഷം ഡോളറാണ് സാമ്പത്തിക നഷ്ടം. ബോംബ് ഭീഷണിമൂലമുണ്ടാകുന്ന ഒരു സാമ്പത്തിക നഷ്ടവും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടാത്തതുകൊണ്ടുതന്നെ പലപ്പോഴും വിമാനക്കമ്പനികളുടെ പതനത്തിനും ഇത്തരം ഭീഷണികള്‍ കാരണമാകുന്നു.
ഇന്ധനനഷ്ടം മാത്രം ഒരു കോടി
ഒരു ബോയിങ് 777 വിമാനത്തിന്റെ ഭാരം 250 ടണ്‍ ആണ്. യാത്രക്കാരുടെയും ലഗേജുകളുടെയും മറ്റ് ചരക്കുകളുടെയും ഭാരം കൂടിയാകുമ്പോള്‍ ഇത് ഏകദേശം 340–350 ടണ്‍ ആകും. ഇത്തരമൊരു വിമാനം രണ്ടു മണിക്കൂറിനുള്ളില്‍ താഴെയിറക്കുമ്പോള്‍ 100 ടണ്‍ വ്യോമഇന്ധനം പാഴാകുന്നുവെന്നാണ് കണക്ക്. ഒരു ടണ്‍ ഇന്ധനത്തിന് ഒരു ലക്ഷം രൂപയ്ക്കടുത്താണ് വില. ഇതുപ്രകാരം അടിയന്തര ലാന്‍ഡിങ് കാരണം ഒരു കോടിയോളം രൂപ വിമാനകമ്പനിക്ക് ഇന്ധനയിനത്തില്‍ മാത്രം നഷ്ടമാകുന്നു.