ടാസ്കുകൾ ചെയ്താൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 9.58 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 26 മുതൽ ഇക്കഴിഞ്ഞ മൂന്നു വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ടെലിഗ്രാം വഴി ഒരു സന്ദേശം വരികയും യുവതി അതിന് മറുപടി നൽകുകയും ചെയ്തു.
ടാസ്കുകൾ ചെയ്താൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സന്ദേശം. ആദ്യം മൂന്ന് ടാസ്കുകൾ നൽകുകയും അത് പൂർത്തികരിച്ചപ്പോൾ ലാഭവിഹിതം നൽകി യുവതിയുടെവിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്. മുന്നോട്ട് ടാസ്കുകൾ ചെയ്യാൻ പണം നൽകണമെന്ന് പറഞ്ഞതോടെ ഉയർന്ന ലാഭവിഹിതം മോഹിച്ച് യുവതി പണം നൽകി. 9,58,000 രൂപ കൈപറ്റിയ ശേഷം ലാഭവിഹിതമൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവതി തട്ടിപ്പിനിരയായെന്ന് മനസിലാക്കിയത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.