കേരളത്തിൽ ഓൺലൈൻ ചൂതാട്ടത്തിലും വായ്പാതട്ടിപ്പിലും അകപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന ആശങ്കാജനകമായ വിവരമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും പോലെ തന്നെ മനുഷ്യന്റെ ദൗർബല്യങ്ങളെ മുതലെടുത്തുകൊണ്ടാണ് ഓൺലൈൻ ചൂതാട്ടവും വായ്പാതട്ടിപ്പും വ്യാപകമാകുന്നത്. ഒരിക്കൽ ഇതിൽ പെട്ടുപോയാൽ ഒരുവിധത്തിലും മോചനം സാധിക്കാത്ത വിധം ഇടപാടുകാരുടെ ജീവിതത്തിൽ കുരുക്കുകൾ വീഴുന്നു. ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്ന ചിന്തയില്‍ മരണത്തെ അഭയം പ്രാപിക്കുന്നു. ഓൺലൈൻ ചതിയിൽ കുടുങ്ങി വ്യക്തികൾ ഒറ്റയ്ക്കും കുടുംബം കൂട്ടത്തോടെയും ആത്മഹത്യ ചെയ്യുന്ന വാർത്തകൾക്ക് ഇപ്പോൾ പുതുമ നഷ്ടപ്പെട്ടു. സ്ത്രീ-പുരുഷ ഭേദമന്യേ ഈ മാരക വിപത്തിന്റെ പ്രലോഭനത്തിലകപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തി.
ഇതുകൂടി വായിക്കൂ: റോം മുതല്‍ ബിരിയാണി വരെ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിഷ (31) ആത്മഹത്യചെയ്ത സംഭവത്തിന് കാരണം ഓൺലൈൻ വായ്പാതട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായതുകൊണ്ടാണെന്ന യാഥാർത്ഥ്യം പുറത്തുവന്നത് ഒരാഴ്ച മുമ്പാണ്. ബിജിഷ ജീവനൊടുക്കിയത് 2021 ഡിസംബർ 11നാണ്. അതായത് ഈ മരണം നടന്നിട്ട് അഞ്ചു മാസങ്ങൾ പിന്നിട്ടുകഴിഞ്ഞു. പ്രത്യക്ഷത്തിൽ ബിജിഷയുടെ ആത്മഹത്യക്ക് എന്താണ് കാരണമെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ബിജിഷയുടെ വീട്ടുകാർക്കും കാരണം അറിയില്ലായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി ആരെയും അറിയിക്കാതിരുന്ന ബിജിഷ, തൂങ്ങിമരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തു വന്നതോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. മരണം നടന്ന് രണ്ടുമാസം പിന്നിട്ടപ്പോഴാണ് ബിജിഷയുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് മനസിലായത്. കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് ബിജിഷയുടെ ആത്മഹത്യക്ക് കാരണം ഓൺലൈൻ ചൂതാട്ടവും വായ്പാതട്ടിപ്പുമാണെന്ന് വ്യക്തമായത്.
ഇതുകൂടി വായിക്കൂ: ഓൺലൈൻ വായ്പാ ആപ്പുകളുടെ കാണാപ്പുറങ്ങൾ
ബിജിഷ ഓൺലൈനിലെ ആപ്പിലൂടെ തട്ടിപ്പ് നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന മാഫിയാ സംഘത്തിന്റെ കെണിയിൽ അകപ്പെടുകയായിരുന്നു. ഓൺലൈൻ റമ്മി കളിയിലൂടെ ലക്ഷങ്ങൾ നേടാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണമിറക്കി കളിച്ച ബിജിഷ പിന്നീട് ചൂതാട്ട സംഘത്തിന്റെ വായ്പാതട്ടിപ്പിന് ഇരയാവുകയാണുണ്ടായത്. നിബന്ധനകളും ഈടുവയ്പുകളുമില്ലാത്ത വായ്പയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയ ഈ യുവതിയുടെ സ്വകാര്യവിവരങ്ങൾ ഫോണിലൂടെ ചോർത്തിയ സംഘം ഇതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും സാമ്പത്തിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തു. വീട്ടുകാർപോലും അറിയാതെ വരുത്തിവച്ച ഈ കടബാധ്യത തിരിച്ചടയ്ക്കുന്നതിനുള്ള സമ്മർദവും ഭീഷണിയും താങ്ങാനാകാതെയാണ് ബിജിഷ ജീവനൊടുക്കിയത്. ഓൺലൈൻ വായ്പാതട്ടിപ്പിന് ഇരകളായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കേരളം അടക്കം രാജ്യത്തെ എല്ലാ ഭാഗങ്ങളിലും വർധിക്കുകയാണ്.
ഇതുകൂടി വായിക്കൂ: ഈ ഊരാക്കുടുക്കിനെ പറ്റി അറിഞ്ഞിരിക്കുക!!
2021 മാർച്ച് മാസത്തിലാണ് ആലപ്പുഴ ജില്ലയിലെ മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കെ അർജുൻ എന്ന 25 കാരനായ യുവാവ് ഓൺലൈൻ ചൂതാട്ടത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. സുഹൃത്ത് പണയംവച്ച ബൈക്ക് തിരിച്ചെടുക്കാനായി അർജുനെ ഏല്പിച്ചിരുന്ന 60,000 രൂപയും അർജുന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള 25,000 രൂപയും ചേർത്ത് ഓൺലൈൻ ചൂതാട്ടത്തിൽ പങ്കാളിയാവുകയായിരുന്നു. ചൂതാട്ടത്തിൽ അർജുന് ഈ തുകയത്രയും നഷ്ടമായി. സുഹൃത്തിന് ബൈക്ക് തിരിച്ചെടുത്തുകൊടുക്കാൻ സാധിക്കാത്ത മനോവിഷമത്തിൽ അർജുൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. 2022 ജനുവരിയിൽ ഓൺലൈൻ ചൂതാട്ടത്തിൽപ്പെട്ട് വൻ സാമ്പത്തിക ബാധ്യത നേരിട്ട ഗൃഹനാഥൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. തമിഴ്‌നാട് പെരുകുടിയിലെ മണികണ്ഠനാണ് ഭാര്യ താരയെയും പതിനൊന്നും ഒന്നും വയസുള്ള മക്കളെയും കൊലപ്പെടുത്തി സ്വയം മരണം വരിച്ചത്. കേരളത്തിൽ ഓൺലൈൻ റമ്മിയിലൂടെ 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട വിജയകുമാർ എന്നയാൾ തന്റെ ഭാര്യക്ക് സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത് ഈയിടെയാണ്.
ഇതുകൂടി വായിക്കൂ: കൊറോണ; ഗെയിം ഡൗൺലോഡുകളുടെ എണ്ണത്തിൽ വൻ വർധനവ്
ഓൺലൈൻ ലോൺ ആപ്പുകൾ മുഖേനയുള്ള തട്ടിപ്പുകൾ പെരുകുകയും ഇതുസംബന്ധിച്ച വാർത്തകൾ പതിവാകുകയും ചെയ്തിട്ടും ആളുകൾ ഈയാംപാറ്റകളെപ്പോലെ ഇതിലേക്ക് ആകർഷിക്കപ്പെടുകയാണ്. വിദേശ ബന്ധങ്ങളുള്ള കമ്പനികൾ വിവിധ സംസ്ഥാനത്തുള്ള ജീവനക്കാരെ നിയമിച്ചും വ്യാജ സിം കർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചും വ്യാപകമായാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്റർനെറ്റ് വഴിയും സാമൂഹിക മാധ്യമ ആപ്പുകൾ വഴിയും പരസ്യം ചെയ്താണ് ഇത്തരം തട്ടിപ്പിന് ഇരകളെ ഇവർ കണ്ടെത്തുന്നത്. മൊബൈൽ ഫോണിൽ ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ലോൺ എടുക്കാൻ ശ്രമിക്കുന്ന ആളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുകയാണ് ചെയ്യുന്നത്. തുടർന്ന് ഫോണിലെ കോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ കരസ്ഥമാക്കുന്നു. ഒരുവിധത്തിലുള്ള ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സർവിസ് ചാർജ് കഴിച്ച് നാമമാത്രമായിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ ലോണിന്റെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങാണ്.
ഇതുകൂടി വായിക്കൂ: ഒരു രക്ഷപ്പെടുത്തലിന്റെ കഥ
നിശ്ചിത കാലാവധിക്കുള്ളിൽ ലോൺ അടയ്ക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോൺ എടുക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുകയും അതിൽനിന്ന് ലഭിക്കുന്ന പണം പഴയ ലോൺ ക്ലോസ് ചെയ്യാനുമാണ് അവർ ഉപയോഗിക്കുന്നത്. ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോൺ എടുത്തവരെ ഭീമമായ കടക്കെണിയിലേക്കു തള്ളിയിട്ട് ലോൺ തിരിച്ചടയ്ക്കാനായി തുടർച്ചയായി ഫോൺകോൾ വഴിയും വാട്സ്ആപ് വഴിയും ഭീഷണിപ്പെടുത്തിയാണ് ഇത്തരം സംഘങ്ങൾ പണം തിരിച്ചുപിടിക്കുന്നത്.
ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പെർമിഷൻ വഴി തട്ടിപ്പുകാർ കരസ്ഥമാക്കുന്ന ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉപയോഗിച്ച് ലോൺ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകൾ നിർമ്മിച്ചും ലോൺ എടുത്തയാളുടെ മോർഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചും മോശക്കാരനാക്കി ചിത്രീകരിച്ചുമാണ് സമ്മർദത്തിലാക്കുന്നത്. ജനങ്ങൾ വായ്പയ്ക്കായി അംഗീകൃത ഏജൻസികളെ സമീപിക്കേണ്ടതാണെന്നും അനാവശ്യ മൊബൈൽ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കെണിയിൽ വീഴുന്നവർക്ക് ഇന്നും കുറവൊന്നുമില്ല.
ഇതുകൂടി വായിക്കൂ: അപകടകാരികളായ ഗെയിമുകൾ വീണ്ടും ഇ‑ലോകം കീഴടക്കുന്നു
കഴിഞ്ഞ വർഷം ജൂലൈ 24ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓൺലൈൻ റമ്മി, കാർഡ് ഗെയിംസ് തുടങ്ങിയ പണംവച്ച് നടത്തുന്ന ചൂതാട്ടങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമം പാസാക്കണമെന്ന് നിരീക്ഷിച്ചിരുന്നു. ചൂതാട്ടങ്ങൾ യുവാക്കളുടെ വിലപ്പെട്ട സമയവും ചിന്താശേഷിയും നശിപ്പിക്കുന്നതിനും അത് പിന്നീട് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നുവെന്നാണ് മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്. എന്നാൽ ഇക്കാര്യത്തിൽ നിയമം പാസാക്കുന്നതു സംബന്ധിച്ച നടപടികളിലേക്ക് ഒരു സംസ്ഥാനവും നീങ്ങിയിട്ടില്ല. നിയമപരമായ നടപടികൾക്ക് പുറമെ ഈ വിഷയത്തിൽ ശക്തമായ ബോധവല്ക്കരണവും അനിവാര്യമാകുകയാണ്.
ടി കെ പ്രഭാകരകുമാർ
കല്ലുമാളം ഹൗസ്,
ഹരിപുരം പി ഒ,
ആനന്ദാശ്രമം, കാസര്‍കോട് ജില്ല