Site icon Janayugom Online

ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രം; കുട്ടികളെ കയറ്റാനാവില്ലെന്ന് കേന്ദ്രം

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ കാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.

എഐ കാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്നാണ് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്. കേന്ദ്ര തീരുമാനം വന്ന ശേഷമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

കേന്ദ്ര നിയമം ഇങ്ങനെയായിരിക്കെ മോശം വിമര്‍ശനവും പ്രചാരണവുമാണ് സംസ്ഥാനത്ത് പ്രതിപക്ഷവും ബിജെപിയും തുടര്‍ന്നിരുന്നത്. നിയമം കേന്ദ്രത്തിന്റേതാണെന്നോ അത് കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നോ ഉള്ള പരിഗണന സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്നുണ്ടായിരുന്നില്ല.

 

Eng­lish Sam­mury: AI cam­era: Only two peo­ple on a two-wheel­er; The cen­ter said chil­dren can­not be boarded

Exit mobile version