Site iconSite icon Janayugom Online

ഊർമിളാ ദുഃഖം

ലക്ഷ്മണ പത്നിയാം ഊർമിള
ഞാനെന്റെ ദുഃഖങ്ങൾ
ഒന്നു പറഞ്ഞിടട്ടെ
ഭ്രാതാവിൻ തുണയായി
പോയൊരു കാന്തനിതെന്തേ
മറന്നു പോയ് പാവമെന്നേ
താത മാതാക്കളെ ശുശ്രുഷ ചെയ്ക നീ
പോയ് വരാം ഞാനെന്നു ചൊല്ലി നീയും
അത് കേട്ടെൻ ഹൃദയത്തിലിരുള് വീണു
കാലടികൾ വിറച്ചു ചകിതയായി
എന്നെ നീ ഏൽപ്പിച്ചതാരുടെ കൈകളിൽ
എന്നുള്ള ചോദ്യം ഉയർന്നു ഉള്ളിൽ
ഉറക്കെ കരയുവാൻ പോലുമാകാതെ
നിശബ്ദം നിന്നു ഞാനും കുനിഞ്ഞ ശിരസുമായ്
എങ്കിലും കാട്ടീല ദുർമുഖം ഒട്ടുമേ
എന്നിട്ടും എന്നെ മറന്നതെന്തേ
കാന്തന്റെ കാലടി ചേർന്നു നടന്നോരാ
സീതയെ വാഴ്ത്തുന്നു ലോകരെല്ലാം
കല്ലിലും മുള്ളിലും പതിയുടെ-
കൂടെയാണെന്നുള്ള സത്യം ആരറിഞ്ഞു
കടലോളം ദുഃഖങ്ങൾ ഉള്ളിലൊതുക്കീട്ടും
കടുകോളം ചെറുതായി പോയവൾ ഞാൻ
വാല്മീകി പോലും മറന്നതല്ലേ
എന്റെ ആത്മാവിൻ ഗദ്ഗദം ആരറിഞ്ഞു
ഉരുകി വീഴുന്നോരെൻ കണ്ണുനീരാലെ
കുതിരുമെൻ മെത്തയിൽ മുഖമമർത്തി
രാവിലുറങ്ങാതുണർന്നിരിക്കുന്നു ഞാൻ
സൗമിത്രെ നീയും അറിവതുണ്ടോ
ഭർതൃമതിയാം വിധവ ഞാനെന്നെന്റെ
ഹൃത്തടം ചൊല്ലിയോ തേങ്ങലോടെ
നെറ്റിമേൽ നീയണിയിച്ചൊരാ
പൊട്ടിന്റെ വർണം ഒട്ടും കുറയാതെ
കാത്തിരിക്കുന്നു ഞാൻ അന്തഃപ്പുരത്തിലെ
നാല് ചുവരുകൾക്കുള്ളിലായി
ഭൂമി പുത്രിയ്ക്ക് അനുജയാണിവൾ
പാതിവൃത്യത്തോടെ കാത്തിരിക്കാം

Exit mobile version