Site iconSite icon Janayugom Online

ഓപ്പറേഷന്‍ സൈ ഹണ്ട്; 263 പേര്‍ അറസ്റ്റില്‍

സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തി പൊലീസ്. ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 263 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 125 പേര്‍ക്ക് കേസുമായി ബന്ധപ്പെട്ട് നോട്ടീസും നല്‍കി. സംസ്ഥാന വ്യാപകമായി സൈബര്‍ സമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ സൈ ഹണ്ട്. സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുവാനും സാധിക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ആറുമണി മുതല്‍ കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്റെയും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പൊലീസ്‌ മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. 

ഏറ്റവും അധികം സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആലപ്പുഴ ജില്ലയിലാണ്. 50 കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും അധികം പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയില്‍ നിന്നാണ്. റൂറല്‍ പരിധിയില്‍ നിന്ന് 43 പേരെയും സിറ്റിയില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 25 കേസാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സിറ്റിയില്‍ 43 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ റൂറലില്‍ 24 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കി ജില്ലയില്‍ നിന്നാണ്. ആകെ എട്ട് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാല് പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. 

രാജ്യ വ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎം വഴിയും പിന്‍വലിച്ചു അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മിഷനുകള്‍ കൈപ്പറ്റിയവരെയും കണ്ടെത്തുകയാണ് ഓപ്പറേഷന്‍ സൈ ഹണ്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അക്കൗണ്ട് ഉടമകള്‍ അറിയാതെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെട്ടവരെയും ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടില്‍ പണം അയച്ചുകിട്ടിയവരെയും സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി കണ്ടെത്തി വിട്ടയച്ചതായും പൊലീസ് അറിയിച്ചു. സംശയസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2683 പേരെയും എടിഎം വഴി പണം പിന്‍വലിച്ച 361 പേരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കിയ 665 പേരുടെയും വിവരങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

Exit mobile version