Site iconSite icon Janayugom Online

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര; ബിജെപി കൂടുതല്‍ കുരുക്കിലേക്ക്

TRSTRS

തെലങ്കാനയിലെ ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട് കൂടുതല്‍ ബിജെപി നേതാക്കള്‍ കുരുക്കിലേക്ക്. ഭരണകക്ഷിയായ ടിആര്‍എസിലെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു.
നാളെ ഹൈദരാബാദില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബി എല്‍ സന്തോഷ്. നോട്ടീസ് ചോദ്യംചെയ്ത ബിജെപിയുടെ ഹര്‍ജിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് ബി എല്‍ സന്തോഷിനോടും നിര്‍ദ്ദേശിച്ചു. ചോദ്യംചെയ്യലിന് ഹാജരാകുന്നതില്‍ പരാജയപ്പെട്ടാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് സിആര്‍പിസി ചട്ടം 41 എ പ്രകാരമുള്ള നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യാനാണ് സാധ്യത. 

കേസില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഹായജി സ്വാമി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ തുഷാറിനോടും നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സുഹൃത്ത് ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും കാസര്‍കോടും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒളിവിലായ ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

Eng­lish Sum­ma­ry : Oper­a­tion lotus in Telan­gana will be cri­sis for BJP

You may also like this video

Exit mobile version