ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് മൂന്ന് എസ്യുവികള്‍ പിടിച്ചെടുത്തു. എംവിഡിയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. എളമക്കരയിലെ ഒരു പറമ്പില്‍ മൂടിയിട്ട നിലയിലായിരുന്നു വാഹനങ്ങള്‍ കണ്ടെത്തിയത്. ഒരു വര്‍ക് ഷോപ്പിന്റെ യാര്‍ഡ് ആണ് ഇതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ രണ്ട് വാഹനങ്ങൾ നടന്‍ അമിത് ചക്കാലയ്ക്കലിൻറേതാണ്. ഒരെണ്ണം പാലക്കാട് സ്വദേശിയുടേതാണെന്നും കസ്റ്റംസ് അന്വേഷണ സംഘം വ്യക്തമാക്കി. നിസ്സാന്‍ പട്രോള്‍, രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന നിസ്സാന്‍ കാരിയേജ്, ടൊയോട്ട പ്രാഡോ എന്നീ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഇവയില്‍ രണ്ടെണ്ണം ഭൂട്ടാന്‍ വാഹനങ്ങളാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മൂന്നാമത്തെ വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇതോടെ ഓപ്പറേഷന്‍ നുംഖോര്‍ തുടങ്ങിയശേഷം കസ്റ്റംസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം 43 ആയി. ഉടൻ തന്നെ അമിത് ചക്കാലയ്ക്കലിനെയും പാലക്കാട് സ്വദേശിയെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കും.

