Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂർ ലക്‌ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം; ഇന്ത്യയിലടക്കം ഭീകരാക്രമണം നടത്തിയ നൂറോളം ഭീകരരെ കൊന്നെന്നും സേന

ഓപ്പറേഷൻ സിന്ദൂർ ലക്‌ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമെന്ന് സേന. ഭീകരർ തങ്ങിയ 9 കേന്ദ്രങ്ങൾ തകർത്തു. ഇന്ത്യയിലടക്കം ഭീകരാക്രമണം നടത്തിയ നൂറോളം ഭീകരരെയാണ് കൊന്നത്. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനം റാഞ്ചൽ ഉള്‍പ്പെടെ നടത്തിയ ഭീകരർ കൊല്ലപ്പെട്ടുവെന്ന് എയർ മാർഷൽ എ കെ ഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരപരാധികളെ അക്രമിച്ചതിനുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, വൈസ് അഡ്‌മിറൽ എ എൻ പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കടുത്തത്. കൃത്യവും നിയന്ത്രിതവുമായാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകര കേന്ദ്രങ്ങളിൽനിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി. പാകിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ബാവൽപുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകർത്തു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.

Exit mobile version