Site iconSite icon Janayugom Online

ഇന്ത്യയെ തകര്‍ക്കുന്ന എന്‍ഡിഎക്കെതിരെ ‘ഇന്ത്യ’യെന്ന പ്രതിപക്ഷ സംഖ്യശക്തി

ജനാധിപത്യവും ഭരണഘടനയും രക്ഷിക്കുക എന്ന ലക്ഷ്യമിട്ട് ഇന്ത്യയിലെ ഇടതുപാര്‍ട്ടികളടക്കം നേതൃത്വം നല്‍കുന്ന ശക്തമായ പ്രതിപക്ഷ ഐക്യം പ്രഖ്യാപിച്ചു. നേരത്തെ ബിഹാറില്‍ നടന്ന പ്രഥമ യോഗത്തിനുശേഷം ഇന്നലെയും ഇന്നുമായി ബംഗളൂരുവില്‍ ചേര്‍ന്നാണ് സഖ്യത്തിന്റെ ശക്തിതെളിയിച്ചത്. സംയുക്ത പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്) Indi­an Nation­al Devel­op­men­tal Inclu­sive Alliance എന്ന പേരും യോഗം തീരുമാനിച്ച് പ്രഖ്യാപിച്ചു.

26 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ബംഗളൂരിവിലെ യോഗത്തില്‍ പങ്കെടുത്തത്. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി-ശരദ് പവാര്‍, ശിവസേന (യുബിടി), സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി, അപ്നാ ദള്‍ (കമേരവാദി), നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ എംഎല്‍-ലിബറേഷന്‍, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക്, എം‍ഡിഎംകെ, വിസികെ, കെഎംഡികെ, എംഎംകെ, ഐയുഎംഎല്‍, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണത്. അതേസമയം പട്ന യോഗത്തില്‍ 16 പാര്‍ട്ടികളുടെ പ്രതിനിധികളായിരുന്നു എത്തിയത്.

ആദ്യദിവസമായിരുന്ന ഇന്നലെ വൈകീട്ട് യോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. പിന്നീട് ഇന്ന് രാവിലെ 11ന് ശേഷം വീണ്ടും യോഗം ആരംഭിച്ചു. വൈകീട്ട് നാലുമണിയോടെയാണ് സമാപനമായത്. ശിവസേന (ഉദ്ധവ്) നേതാവ് പ്രിയങ്ക ചതുര്‍വേദിയാണ് ട്വിറ്ററിലൂടെ പ്രതിപക്ഷ സഖ്യത്തിന്റെ പേര് ആദ്യം പ്രഖ്യാപിച്ചത്. യോഗശേഷം നേതാക്കള്‍ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു. നേരത്തെ യുപിഎ എന്നായിരുന്നു വിശാലമായ സഖ്യത്തിന്റെ പേര്. ഇത്തവണ അതുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സൂചിപ്പിച്ചിരുന്നു.

രാജ്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു. എന്‍ഡിഎയും ബിജെപിയും ഇനി ‘ഇന്ത്യ’യോടാണ് ഏറ്റുമുട്ടേണ്ടി വരുക എന്നും പ്രതിപക്ഷ ഐക്യത്തിന്റെ ഫലം രാജ്യത്തിന് ഗുണം നല്‍കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി മോഡി മിക്കവാറും എല്ലാ മേഖലകളെയും പൂർണമായും കുഴപ്പത്തിലാക്കിയെന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ചൂണ്ടിക്കാട്ടി.

സാമൂഹ്യനീതി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നിവയിലൂന്നിയുള്ള അജണ്ട വളര്‍ത്തിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അസമത്വത്തിന്റെയും ജനവിരുദ്ധവുമായ രാഷ്ട്രീയത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കും. പ്രധാനമന്ത്രി സ്ഥാനത്തിനോ അധികാരത്തിനോ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കണമെന്നും ദരിദ്രരെയും യുവാക്കളെയും കർഷകരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണമെന്നും അതിന് നരേന്ദ്ര മോഡി ഭരണത്തെ തൂത്തെറിയണമെന്നും ആർജെഡി നേതാവ് ലാലു പ്രസാദ് പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ശരദ്പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു.

Eng­lish Sam­mury: The alliance of 26 oppo­si­tion par­ties has been named Indi­an Nation­al Devel­op­men­tal Inclu­sive Alliance (INDIA)

Exit mobile version