ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സഭാ നടപടികള്‍ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ അവകാശങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇന്നലെയും സഭാ നടപടികള്‍ തടസപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷം നടത്തുന്ന ‘അലങ്കോല പരിപാടി’ യുടെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെയും.
ചോദ്യോത്തരവേളയില്‍ പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ച് നടപടികള്‍ തടസപ്പെടുത്തി. സ്പീക്കര്‍ ചെയറിലെത്തി ചോദ്യോത്തരവേള ആരംഭിച്ച ഉടനെ മറുപടി നൽകാൻ മന്ത്രി റോഷി അഗസ്റ്റിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം ബഹളമാരംഭിച്ചു. തുടര്‍ന്ന് പ്രതിപക്ഷനേതാവിന് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കി. സഭയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ച കാര്യങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും ഏഴ് എംഎൽഎമാർക്ക് എതിരായി പത്ത് വർഷം തടവുശിക്ഷ കിട്ടുന്ന കള്ളക്കേസെടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഭ നടപടികളുമായി സഹകരിച്ച് പോകണം എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. പിന്നാലെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കർക്ക് മൈക്ക് ഓൺ ആക്കാനാകാത്ത വിധം മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭാനടപടി തടസപ്പെടുത്തി.
ആദിവാസി വിഭാഗങ്ങളുടെ പാർപ്പിട പ്രശ്നവും മത്സ്യത്തൊഴിലാളി സമൂഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിഗണിക്കവെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണെന്നും പ്രതിപക്ഷാംഗങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ബഹളം രൂക്ഷമായതോടെ ചോദ്യത്തിനുള്ള മറുപടി മേശപ്പുറത്തുവയ്ക്കാൻ സ്പീക്കർ മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ച് സ്പീക്കറെ സംസാരിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷം പിന്നാലെ സ്പീക്കറുടെ കാഴ്ച മറച്ച് കറുത്ത ബാനർ ഡയസിന് മുന്നിൽ ഉയർത്തി. ഇതോടെ സഭാ നടപടികൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ സഭ താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. തുടര്‍ന്ന് 11ന് കാര്യോപദേശകസമിതിക്ക് ശേഷം പതിനൊന്നരയോടെ സഭ പുനരാരംഭിച്ച് സ്പീക്കര്‍ റൂളിങ് നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ധനാഭ്യര്‍ത്ഥനകള്‍ പാസാക്കി വൈകാതെ സഭ പിരിഞ്ഞു.
You may also like this video