Site icon Janayugom Online

മറുകണ്ടം ചാടിയെത്തുന്നവര്‍ക്ക് കിരീടം; ബിജെപിയിൽ കലഹം

സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ബിജെപി കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് പാര്‍ട്ടിയില്‍ പ്രധാന പദവികൾ നേടിയെടുക്കുന്നവരെച്ചൊല്ലി ബിജെപിയിൽ കലഹം. പാര്‍ട്ടിയിലെ ഒട്ടേറെ സീനിയർ നേതാക്കളെ മറികടന്നാണ് കൂറുമാറിയെത്തുന്ന പലരും സ്ഥാനങ്ങൾ നേടുന്നത്. കേന്ദ്രനേതൃത്വം പ്രഖ്യാപനം നടത്തുമ്പോൾ മാത്രമേ സംസ്ഥാനനേതാക്കൾ കാര്യങ്ങൾ അറിയൂ. ഇതില്‍ സംഘ്പരിവാർ സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നവർ നിരാശയിലും അസ്വസ്ഥതയിലുമാണ്.

തിരുവിതാംകൂറിലെ സിറിയൻ കത്തോലിക്കർ ഒന്നടങ്കം ബിജെപിയിലെത്തുമെന്ന് കേന്ദ്ര നേതൃത്വത്തെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു എൽഡിഎഫ് എംഎൽഎയായിരുന്ന അൽഫോൺസ് കണ്ണന്താനത്തിന്റെ ചുവടുമാറ്റം. ഇതോടെ അദ്ദേഹത്തെ രാജ്യസഭാ അംഗവും കേന്ദ്രമന്ത്രിയുമാക്കി. എന്നാൽ ക്രൈസ്തവ സമൂഹത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കുവാൻ കഴിഞ്ഞില്ലായെന്ന് നേതൃത്വം പിന്നീട് തിരിച്ചറിഞ്ഞു.

വാജ്പേയ് മന്ത്രിസഭയുടെ കാലത്തും സംസ്ഥാനത്തെ വെട്ടിയുള്ള ഇത്തരം കേന്ദ്ര ഇടപെടൽ സജീവമായിരുന്നു. കേന്ദ്ര നിയമ കമ്മിഷൻ അംഗമായി കേരളത്തിലെ ഒരു വ്യവസായിയെ നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇത് സംസ്ഥാനത്തെ പാർട്ടിയുടെ അറിവോടെയായിരുന്നില്ല. അന്നത്തെ ബിജെപി സഖ്യകക്ഷിയായിരുന്ന തെലുങ്കുദേശം പാർട്ടിയുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തിന്റെ നിയമനം എന്നാണ് കേന്ദ്രനേതൃത്വം വിശദീകരിച്ചത്. എറണാകുളം പനമ്പിള്ളി നഗറിൽ ഏറെ നാളുകളായി താമസിക്കുന്ന പത്മജാ വേണുഗോപാലിന് പ്രാദേശികമായി കോൺഗ്രസിൽ യാതൊരു വേരുകളുമില്ല. സംഘടനാ രംഗത്ത് സജീവമല്ലാതെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. കോൺഗ്രസ് പലപ്പോഴും അധികാരത്തിലേറാറുള്ള കൊച്ചിൻ കോർപ്പറേഷനിൽ പോലും പത്മജയെ ആ പാർട്ടി പരിഗണിക്കാത്തതിന്റെ കാരണവും ഇതുതന്നെയായിരുന്നു.

അച്ഛന്റെ തണലിൽ പേരും പ്രശസ്തിയും നേടിയെടുത്ത പത്മജ കെപിസിസി ജനറൽ സെക്രട്ടറിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായി. കോൺഗ്രസ് മാത്രം വിജയിച്ചിരുന്ന മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിലും തൃശൂർ നിയമസഭയിലും രണ്ട് തവണ മത്സരിച്ചിരുന്നുവെങ്കിലും വൻപരാജയമായിരുന്നു ഫലം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പത്മജയെ കെടിഡിസി ചെയർപേഴ്സണുമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സീറ്റ് ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന പത്മജ ഈവന്റ് മാനേജ്മെന്റ്, ഫാഷൻഷോ രംഗത്ത് സജീവമാണ്. ഫാറ്റിസ് ഫാഷൻഗാല‑2024 എന്ന പേരിൽ പത്മജയുടെ ഈവന്റ്മാനേജ്മെന്റ്, ഫാഷൻഷോ ഗ്രൂപ്പ് ഫെബ്രുവരിയിൽ കൊച്ചി ലേമെറിഡിയിനിൽ ഫാഷൻഷോ ഒരുക്കിയിരുന്നു. ചലച്ചിത്രതാരവും താരസംഘടനാ ഭാരവാഹിയുമായ ഇടവേള ബാബുവായിരുന്നു കോ-ഓർഡിനേറ്റർ.

രാഷ്ട്രീയത്തിൽ നിന്നും പൂർണമായി അകന്ന് ബിസിനസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴാണ് ബിജെപി കേന്ദ്രനേതാക്കൾ പത്മജയെ സ്വീകരിക്കുന്നത്. ഇവരുടെ വരവ് ഒരു ഗുണവും ഉണ്ടാക്കില്ലെന്ന് എറണാകുളം, തൃശൂർ ജില്ലകളിലെ ബിജെപി നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പശ്ചിമ ബംഗാൾ ഗവർണർ സി ബി ആനന്ദബോസും എഐസിസി സെക്രട്ടറിയായിരുന്ന ടോംവടക്കനും ബിജെപിയിൽ എത്തിയത് ഇത്തരം കുറുക്കുവഴിയിലൂടെ ആയിരുന്നു. എന്നാൽ കേരളത്തിലെ ബിജെപി നേതാക്കളെ സ്വാധീനിച്ച് പ്രധാന പദവികൾക്കായി ശ്രമിക്കുന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മൂലയ്ക്കിരുത്തുകയാണ് കേന്ദ്ര നേതൃത്വം ചെയ്യുന്നത്. പ്രധാനപ്പെട്ട ബോർഡും കോർപ്പറേഷനും രാജ്യസഭാ അംഗത്വവുമെല്ലാം പലതവണ ബിജെപി സംസ്ഥാന ഘടകം വാഗ്ദാനം ചെയ്തെങ്കിലും കേന്ദ്രനേതൃത്വം മുഖംതിരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Oppo­si­tion in BJP to give lok sab­ha seat to those com­ing from oth­er parties
You may also like this video

Exit mobile version