ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം കൂടുതല്‍ ഊര്‍ജിതമായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗത്താല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയിലെത്തിയ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും ഇടതു പാര്‍ട്ടികളുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രതിപക്ഷയോജിപ്പിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നാണ് നിഗമനം.
ഇതിനു പിന്നാലെ സെപ്റ്റംബര്‍ 25 ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍ നടക്കുന്ന റാലി പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദേവിലാലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ ഇടതുനേതാക്കള്‍ക്കു പുറമേ എന്‍സിപി, എസ്‌പി, ടിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, കെ ചന്ദ്രശേഖര റാവു, മമതാ ബാനര്‍ജി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും പ്രഖ്യാപിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പ് അനിവാര്യമാണെന്നും അതിനായുള്ള ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നതായും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
2019ല്‍ പ്രതിപക്ഷത്തിന്റെ യോജിപ്പ് സാധ്യമാകാതെ പോയത് വലിയ പിഴവായിരുന്നുവെന്നും 2024ല്‍ അത് ആവര്‍ത്തിച്ചുകൂടെന്നുമായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം. ബിഹാര്‍ മാതൃകയില്‍ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന എന്‍സിപി ദേശീയ കണ്‍വെന്‍ഷനും തീരുമാനിച്ചിരുന്നു.
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് അനിവാര്യമാണെന്ന നിലപാടിന് അനുകൂലമായി സാഹചര്യങ്ങള്‍ രൂപപ്പെടുന്നുവെന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയരാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരുന്നത്.
English Summary:Opposition united against BJP
You may also like this video