മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ഐക്യനിര ശക്തമാക്കാന്‍ യോജിച്ച പദ്ധതികളുമായി പ്രതിപക്ഷം. അതിനായി ‘ഒരാള്‍ക്കെതിരെ ഒരാള്‍’ എന്ന തന്ത്രം രൂപീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ഒരു മണ്ഡലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്ത് നിന്ന് ഒറ്റ സ്ഥാനാര്‍ത്ഥിയെ പാടുള്ളൂ. 1977ലും 1989ലും നടപ്പായ തന്ത്രമാണിതെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു.
ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെന്‍ ഗുപ്ത എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജെഡിയു അധ്യക്ഷന്‍ ലലന്‍ സിങ്ങും സന്നിഹിതനായിരുന്നു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ജന വിരുദ്ധ‑ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കുകയെന്നത് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയും സംസ്ഥാന തലത്തിൽ സീറ്റ് ക്രമീകരണം നടത്തുകയും ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ച നടത്തും. എന്‍സിപി നേതാവ് ശരദ് പവാർ ഇന്നലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഖാർഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, നിതീഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികളെ ബന്ധപ്പെടാനുള്ള ഉത്തരവാദിത്തം വിവിധ പാര്‍ട്ടികള്‍ക്കാണെന്ന് യോഗത്തില്‍ ധാരണയായി. ശിവസേന, എന്‍സിപി, ജെഎംഎംഎം പാര്‍ട്ടികളോട് കോണ്‍ഗ്രസ് നേതാക്കളാണ് സംസാരിക്കുക. ബിജെപിയോടും കോണ്‍ഗ്രസിനോടും സമദൂരം സ്വീകരിക്കുന്ന പാര്‍ട്ടികളോട് നിതീഷ് കുമാര്‍ സംസാരിക്കും. ഇതില്‍ ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടും.
സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനോട് ചര്‍ച്ച നടത്തുക തേജസ്വി യാദവാണ്. ഈ മാസാവസാനം എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ക്കുന്നതിനും ഉദ്ദേശ്യമുണ്ട്.
English summary: Opposition united to oust Modi
You may also like this video