Site iconSite icon Janayugom Online

‘ഒരു തൈ നടാം’ ക്യാമ്പയിന്‍ പൂര്‍ത്തിയായി; സംസ്ഥാനത്ത് ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ടു

ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍ ആരംഭിച്ച ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ പരിപാടി ലക്ഷ്യം കൈവരിച്ചതായി പ്രഖ്യാപനം. സംസ്ഥാനത്തൊട്ടാകെ ഒക്ടോബര്‍ 31 വരെ 1,06,58,790 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. കാമ്പയിനിന്റെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം തൃശൂര്‍ ടൗണ്‍ ഹാളില്‍ റവന്യു മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു. നവകേരളത്തിലേക്കുള്ള യാത്രയില്‍ ഈ ക്യാമ്പയിന്‍ അഭിമാനകരമായ നേട്ടമാണെന്ന് പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് മന്ത്രികെ രാജന്‍ പറഞ്ഞു. വരുന്ന തലമുറക്ക് കൂടി മണ്ണില്‍ ജീവിക്കാന്‍ അവകാശം കൊടുക്കണം എന്ന ഉറച്ച ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടുവച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാമ്പയിനില്‍ നേതൃപരമായി പങ്കുവഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, ജനപ്രതിനിധികള്‍, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, മറ്റ് വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. 

നട്ട തൈകളെ പരിപാലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ക്ലിഫ് ഹൗസ് അങ്കണത്തില്‍ കുളമാവ് തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 60 ലക്ഷം തൈകളും സാമൂഹ്യ വനവല്‍ക്കരണ വകുപ്പ് മുഖേന 40 ലക്ഷം തൈകളും ശേഖരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഹരിപ്രിയ ദേവി കാമ്പയിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ ഡി രഞ്ജിത്ത് കാമ്പയിന്‍ വീഡിയോ പ്രകാശനം ചെയ്തു. കാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ വിഭാഗം, കലാലയം പച്ചത്തുരുത്ത്, മികച്ച നെറ്റ് സീറോ കാര്‍ബണ്‍ സ്ഥാപനം തുടങ്ങിയവയ്ക്ക് വിവിധ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

Exit mobile version