Site iconSite icon Janayugom Online

അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ട് പേർ പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ടു പേർ പൊലീസ് പിടിയിലായി. പള്ളുരുത്തി എംഎൽഎ റോഡിൽ സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പമുള്ള രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർ‍ജിതമാക്കിയിട്ടുണ്ട്. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചതുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ.

കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും ഇവർ പണം തട്ടിയിരുന്നു. പനങ്ങാട് കുമ്പളം സൗത്ത് ഹോളി മേരി കോളജിനടുത്തുള്ള അസം സ്വദേശിയുടെ വീട്ടിലെത്തി ഇവർ കഴിഞ്ഞ ദിവസം ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടെങ്കിലും പണമില്ലെന്നു പറഞ്ഞതോടെ കുടുംബത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് 5,000 രൂപയും മൊബൈൽ ഫോൺ അടങ്ങിയ ബാഗും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

സാരമായി പരുക്കേറ്റ അസം സ്വദേശി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് പള്ളുരുത്തി ഭാഗത്തുനിന്ന് സദ്ദാമിനെയും അസീബിനെയും കസ്റ്റഡിയിലെടുത്തു. കവർന്ന ബാഗും ഫോണും പണവും ഇവരിൽനിന്നു കണ്ടെടുത്തു. സംഘത്തിലെ രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

Exit mobile version