ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. വളര്‍ത്തുമകളുടെ മുന്‍ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസ് പിടികൂടിയത്. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്.
ഞായർ രാത്രി 12നാണ് ആക്രമണം. ഗുരുതര പരിക്കേറ്റ വളർത്തുമകളുടെ മകനായ നാലുവയസുകാരൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി രക്ഷപ്പെട്ട യുവതിയിൽനിന്നാണ് കൊലപാതകവിവരം നാട്ടുകാർ അറിയുന്നത്. പൊലീസ് എത്തുമ്പോൾ യുവാവ് കൈ ഞരമ്പ് മുറിച്ചനിലയിൽ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടത്തോടെ പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലാണ് കണ്ടെത്തിയത്.

