Site iconSite icon Janayugom Online

പാലാരിവട്ടത്ത് അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; യുവതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അതിക്രമം നടത്തിയത്.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് ഇയാൾ യുവതികളെ ശല്യം ചെയ്തത്. കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കത്തിയുമായി പിന്നാലെ പോകുകയായിരുന്നു.  ഇത് കണ്ടുകൊണ്ട് അതുവഴി വന്ന ഒരു യുവാവ് യുവതികളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ അക്രമി ഇയാളെ വടികൊണ്ട് തലയ്ക്കടിച്ചു.

പിന്നീട് നാട്ടുകാർ സംഘടിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു . നാട്ടുകാർ ഇയാളെ കയറു കൊണ്ട് കെട്ടിയിട്ടശേഷം പൊലീലിനെ വിവരമറിയിച്ചു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിൻറെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Exit mobile version