Site iconSite icon Janayugom Online

പൊതുവിദ്യാഭ്യാസ മേഖലയിൽ 4,000 കോടിയിലധികം കിഫ്ബി നിക്ഷേപം

കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത് 4000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 973 വിദ്യാലയങ്ങളിലാണ് കിഫ്ബിയുടെ അത്യാധുനിക രീതിയിലുള്ള ഭൗതികസൗകര്യ വികസനം വിഭാവനം ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പിന് പുറമെ, ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ വികസന കോർപറേഷൻ വഴി 53 വിദ്യാലയങ്ങളിലും കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടത്തി. കെട്ടിട നിര്‍മ്മാണത്തിനായി ഏകദേശം മൂവായിരം കോടി രൂപയും ഹൈടെക് ക്ലാസ് മുറികൾക്കായി ആയിരം കോടി രൂപയുമാണ് കിഫ്ബി ചെലവഴിച്ചത്. 

കിഫ്ബിക്ക് പുറമെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവയെല്ലാം സംയോജിപ്പിച്ച് വൻ വികസനമാണ് സാധ്യമാക്കിയത്. കഴിഞ്ഞ 10 വർഷത്തിനകം ഈ ഇനങ്ങളിലായി 5,000 കോടി രൂപയിലധികം വരുന്ന തുകയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. വിഭാവനം ചെയ്ത പദ്ധതികളിൽ 629 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി 32 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 നകം വിപുലമായ പരിപാടികളോടെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കണക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്കരണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 2026 അധ്യയന വര്‍ഷം 11-ാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. വരുന്ന ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ ഈ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കാനാണ് തീരുമാനം. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Exit mobile version