കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ സംസ്ഥാനത്ത് അനുയോജ്യമായ കാർഷിക യന്ത്രങ്ങൾ ആവശ്യമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴയിൽ നടന്ന കേരള അഗ്രിക്കൾച്ചർ എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കാലാവസ്ഥ വ്യതിയാനഭീഷണി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ കർഷകന്റെ ഉറ്റമിത്രം എന്ന നിലയ്ക്ക് ചെറുതും വലുതുമായ കാർഷികയന്ത്രങ്ങളാണ് വേണ്ടത്. തൊഴിലാളികളുടെ കുറവ് കാർഷിക യന്ത്രങ്ങൾ വഴി വേണം പരിഹരിക്കേണ്ടത്. പല കൃഷി ഓഫീസുകളും കാർഷിക യന്ത്രങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിക്കുന്ന യന്ത്രങ്ങൾ അധികം വൈകാതെ തന്നെ തകരാറിലാകുന്ന സ്ഥിതിയാണ്. അതിന് ഉടൻ തന്നെ പരിഹാരം കാണേണ്ടതുണ്ട്. സംസ്ഥാനത്ത് കൊയ്ത്ത് നടക്കണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്നും യന്ത്രം കൊണ്ടുവരേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
കാർഷിക മേഖലയിൽ വേണ്ട രീതിയിലുള്ള യന്ത്രവല്‍ക്കരണം ഇപ്പോഴും നടന്നിട്ടില്ല. മറ്റേത് മേഖലയെക്കാളും ജീവന്റെ നിലനിൽപ്പായ കൃഷിയ്ക്ക് പ്രാധാന്യം നൽകണം. ഒരു കർഷകനും കൃഷി വകുപ്പിലെ ജീവനക്കാരന് എതിരെ പരാതി പറയുന്നതിനുള്ള അവസരം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ജി ശ്രീകുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ സുബാഷ് രക്തസാക്ഷി പ്രമേയവും ഖജാൻജി വി എസ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. മനോജ് പുളിനെല്ലി സ്വാഗതം പറഞ്ഞു. ജോയിന്റ്കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ അഭിവാദ്യം അർപ്പിച്ചു. യു വിജയകുമാർ പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്ക് ബാബുവും അവതരിപ്പിച്ചു. യാത്രഅയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. കെ പി ഗോപകുമാർ ഉപഹാരം സമ്മാനിച്ചു. എൻ കൃഷ്ണകുമാർ ആശംസകൾ പറഞ്ഞു. സന്തോഷ് പുലിപ്പാറ, സുകേശൻ ചൂലിക്കാട് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
English Summary : p prasad on change in climate and agriculture
You may also like this video :